
തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തില്‍ വൻ കവർച്ച. കൊട്ടാരത്തിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങള്‍ അടക്കമുള്ള വസ്തുക്കളാണ് മോഷണം പോയത്.സംഭവത്തില്‍ ഗൗരി ലക്ഷ്മി ഭായ് പൊലീസില്‍ പരാതി നല്‍കി. ഗൗരി ലക്ഷ്മി ഭായ്‌യുടെ കൈവശമുണ്ടായിരുന്ന അമൂല്യമായ രത്‌നങ്ങള്‍ പതിച്ച സ്വർണാഭരണങ്ങളാണ് മോഷണം പോയതെന്നാണ് വിവരം. പത്മനാഭ സ്വാമിയുടെ ചിത്രം കൊത്തിയ ആഭരണങ്ങളും വിദേശത്തുനിന്ന് കൊണ്ടുവന്ന ആഭരണങ്ങളും മോഷണം പോയവയിലുണ്ട്.
കഴിഞ്ഞ വർഷം അവസാനത്തിലാണ് മോഷണം നടന്നത്. ഇരുമ്ബ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണ് നഷ്ടമായത്. നാല് മാസം പൊലീസ് രഹസ്യമായി അന്വേഷിച്ചിട്ടും വസ്തുക്കള്‍ കണ്ടെത്താനായില്ലെന്നാണ് വിവരം. പിന്നാലെയാണ് പരാതിയില്‍ പേരൂർക്കട പൊലീസ് കേസെടുത്തത്.
ഓറഞ്ച് പവിഴവും മുത്തും കലർന്ന ചെയിൻ, പിച്ചിപ്പൂമൊട്ട് പാദസരം, വീതിയുള്ള ഇല ഡിസൈനില്‍ രണ്ട് വളകള്‍, പതക്കം, മാട്ടി, കുതിരപ്പവൻ നാണയങ്ങള്‍, വീതി കുറഞ്ഞ രണ്ട് സ്വർണപിരിവള, ചുവപ്പ് കല്ല് പതിച്ച രണ്ട് കമ്മല്‍, സ്വർണ കുഴിമിന്നുമാല, റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള വള, പത്മനാഭ സ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണപതക്കമുള്ള നേർത്ത ചെയിൻ എന്നിങ്ങനെ ആകെ രണ്ട് കോടിയോളം രൂപ വിലവരുന്ന സ്വർണമാണ് നഷ്ടമായത്. 2025 ഒക്ടോബറിലോ നവംബറിലോ ആണ് മോഷണം നടന്നത്. കൊട്ടരത്തിലേക്ക് അതിക്രമിച്ച് കയറിയ മോഷ്ടാവ് പരാതിക്കാരിയുടെ കിടപ്പുമുറിയിലെ ഇരുമ്ബ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കവർന്നുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

