
തെരഞ്ഞെടുപ്പ് ഫലത്തിലെ വന്‍ പരാജയത്തില്‍ മാധ്യമങ്ങളെ കാണാതെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഫലം വന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് പരാജയത്തില്‍ മുഖ്യമന്ത്രി ഇതുവരെ സമൂഹമാധ്യമങ്ങളിലും പ്രതികരിച്ചില്ല. ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം വാര്‍ത്താസമ്മേളനം വിളിക്കുമെന്നാണ് സൂചന. പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് ഇന്ന് പോകുമെന്നും വിവരമുണ്ട്.

കഴിഞ്ഞ ദിവസം കണ്ണൂര്‍ വിമാനത്താവളത്തിലും തിരുവനന്തപുരം വിമാനത്താവളത്തിലും വെച്ച് മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം തേടിയെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. ക്ലിഫ് ഹൗസില്‍ നിന്ന് ഇറങ്ങുന്ന പിണറായി വിജയന് ചിന്താ ഫ്ളാറ്റിലാണ് മുറി ഒരുങ്ങുന്നത്. മൂന്നാം നിലയിലെ 3എ, 3ബി മുറികളാണ് സജ്ജീകരിച്ചത്. പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്ക് പാര്‍ട്ടി അനുവദിക്കുന്നതാണ് ചിന്താ ഫ്‌ളാറ്റിലെ മുറി.
അതേസമയം പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയന്‍ എത്തിയേക്കില്ലെന്നാണ് വിവരം. തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വവും ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി മാറി നില്‍ക്കും. കേന്ദ്ര കമ്മിറ്റി അംഗം കെ എന്‍ ബാലഗോപാല്‍ പ്രതിപക്ഷ നേതാവാകാനാണ് സാധ്യത. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ ധാരണയുണ്ടാകും. ബാലഗോപാല്‍ തയ്യാറായില്ലെങ്കില്‍ പി എ മുഹമ്മദ് റിയാസും സജി ചെറിയാനുമാണ് സെക്രട്ടറിയേറ്റില്‍ നിന്ന് വിജയിച്ച മറ്റ് അംഗങ്ങള്‍. ഇവരില്‍ ആരെങ്കിലും ഒരാള്‍ പ്രതിപക്ഷ നേതാവാകും.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് എല്‍ഡിഎഫ് നേരിട്ടത്. യുഡിഎഫ് 102 സീറ്റില്‍ വിജയിച്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. എല്‍ഡിഎഫിന് 35 സീറ്റാണ് ലഭിച്ചത്. സംസ്ഥാനത്തിന്റ ചരിത്രത്തിലാദ്യമായി എന്‍ഡിഎയ്ക്ക് മൂന്ന് സീറ്റും ലഭിച്ചു.
കോണ്‍ഗ്രസ്-63, മുസ്ലിം ലീഗ്-22, കേരളാ കോണ്‍ഗ്രസ്-7, സ്വതന്ത്രര്‍-4, ആര്‍എസ്പി-3, ആര്‍എംപി-1, കേരള കോണ്‍ഗ്രസ് ജേക്കബ്-1, സിഎംപി-1 എന്നിങ്ങനെയാണ് യുഡിഎഫിന്റെ വോട്ട് നില. സിപിഐഎം-26, സിപിഐ-8, ആര്‍ജെഡി-1 എന്നിങ്ങനെയാണ് എല്‍ഡിഎഫ് വോട്ട് നില. ബിജെപി നേമം, കഴക്കൂട്ടം, ചാത്തന്നൂര്‍ മണ്ഡലങ്ങളിലാണ് വിജയിച്ചത്.
എല്‍ഡിഎഫിന്റെ 13 മന്ത്രിമാണ് പരാജയപ്പെട്ടത്. പി രാജീവ്, എം ബി രാജേഷ്, വി ശിവന്‍കുട്ടി, വി എന്‍ വാസവന്‍, ആര്‍ ബിന്ദു, വീണാ ജോര്‍ജ്, ഒ ആര്‍ കേളു, കെ ബി ഗണേഷ്‌കുമാര്‍, ജെ ചിഞ്ചുറാണി, എ കെ ശശീന്ദ്രന്‍, വി അബ്ദുറഹിമാന്‍, റോഷി അഗസ്റ്റിന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നീ മന്ത്രിമാരാണ് പരാജയപ്പെട്ടത്. പിണറായി വിജയന്‍, കെ എന്‍ ബാലഗോപാല്‍, സജി ചെറിയാന്‍, മുഹമ്മദ് റിയാസ്, കെ രാജന്‍, ജി ആര്‍ അനില്‍, പി പ്രസാദ് എന്നിവര്‍ മാത്രമാണ് മന്ത്രിമാരില്‍ വിജയിച്ചത്. ആറ് റൗണ്ടുകളില്‍ ധര്‍മ്മടത്ത് പിണറായി വിജയന്‍ പിന്നിലായത് കനത്ത തിരിച്ചടിയാണ്. അതേസമയം അഞ്ച് ജില്ലകള്‍ സമ്പൂര്‍ണമായും യുഡിഎഫ് വിജയിച്ചു. മലപ്പുറം, വയനാട്, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകള്‍ യുഡിഎഫ് തൂത്തുവാരി.
