സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും; 2 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, റെഡ് അലേര്‍ട്ടില്ല


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. എന്നാല്‍ അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേർട്ട് ഇന്ന് എവിടെയും പ്രഖ്യാപിച്ചിട്ടില്ല.കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേർട്ടാണ്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ പടിഞ്ഞാറൻ-വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്.
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് 60 കിമീ വരെ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. അപകടരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ കാസർകോട് ജില്ലയിലെ മൊഗ്രാല്‍ നദിയിലെ മധുർ സ്റ്റേഷനിലും മഞ്ചേശ്വരം നദി സ്റ്റേഷനിനും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് 4.3 മീറ്റർവരെ ഉയരത്തില്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ട്. തീരമേഖലയില്‍ രൂക്ഷമായ കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. 19-ാം തിയതിവരെ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.