ചോലനായ്ക്കർ ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ജനപ്രതിനിധി ഇനി പൊലീസ്

മലപ്പുറം: ചോലനായ്ക്കർ ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ ജനപ്രതിനിധിയായി ചരിത്രംകുറിച്ച നിലമ്പൂർ ബ്ലോക് പഞ്ചായത്ത് അംഗം സി. സുധീഷിനെ (21) ഇനി പൊലീസ് യൂണിഫോമിൽ കാണാം. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ജോലി ലഭിച്ചതോടെ സന്തോഷം ഇരട്ടിയായി. ജോലിയിൽ പ്രവേശിക്കാൻ തന്നെയാണ് സുധീഷിന്‍റെ തീരുമാനം.

വനത്തിനുള്ളിലെ അളയ്ക്കൽ കോളനിയിലെ അംഗമായ സുധീഷ് വഴിക്കടവ് ഡിവിഷനിൽ നിന്നാണ് ഇടത് സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ചത്. 1096 വോട്ടിന്‍റെ ഭൂരിപക്ഷത്തിനായിരുന്നു ജയം.

സുധീഷ് (ഫോട്ടോ രാജീവ് മുള്ളമ്പാറ)

വനത്തോട് ചേർന്ന് കഴിയുന്ന വിഭാഗക്കാർക്കായി പി.എസ്.സി നടത്തിയ പ്രത്യേക നിയമനത്തിലൂടെയാണ് സുധീഷിന് ജോലി ലഭിച്ചത്. റാങ്ക് പട്ടികയിൽ രണ്ടാമതായിരുന്നു സുധീഷ്. വഴിക്കടവ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കോളനിയിലെത്തി ജോലി കിട്ടിയ വിവരം അറിയിക്കുകയായിരുന്നു.

 

ജോലി കിട്ടിയാൽ അത് തെരഞ്ഞെടുക്കുമെന്ന് സ്ഥാനാർഥിയാകുന്ന സമയത്ത് തന്നെ സുധീഷ് സി.പി.എം നേതൃത്വത്തെ അറിയിച്ചിരുന്നു. പരിശീലനത്തിനുള്ള അറിയിപ്പ് ലഭിച്ചാൽ പുറപ്പെടാനൊരുങ്ങുകയാണ് ആദിവാസി വിഭാഗങ്ങളുടെ അഭിമാനമായി മാറിയ ജനപ്രതിനിധി.