Fincat

റോഡില്‍ വീണ ഹെല്‍മെറ്റെടുക്കാൻ വണ്ടി നിര്‍ത്തി; ബൈക്കില്‍ ലോറിയിടിച്ച്‌ അപകടം, മരിച്ചത് ഉറ്റസുഹൃത്തുക്കള്‍


തൃശ്ശൂർ: തൃശ്ശൂർ കുതിരാനില്‍ ബൈക്ക് ലോറിയിലിടിച്ച്‌ ഇന്നലെ രാത്രിയിലുണ്ടായ അപകടത്തില്‍ മരിച്ചത് ഉറ്റസുഹൃത്തുക്കള്‍.കൊച്ചിയിലെ അക്ഷയ സെന്റർ ഉടമ കലൂർ സ്വദേശി മാസിൻ അബാസ്, ആലപ്പുഴ നൂറനാട് സ്വദേശി ദിവ്യ എന്നിവരാണ് മരിച്ചത്. പാലക്കാട് റൈഡിന് പോയി ബൈക്കില്‍ മടങ്ങുമ്ബോഴാണ് അപകടം. ഹെല്‍മെറ്റ് താഴെ വീണത് എടുക്കാൻ പാലത്തില്‍ വണ്ടി നിർത്തിയ സമയത്ത് ലോറിയിടിക്കുകയായിരുന്നു. ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്.
കുതിരാൻ തുരങ്കം കഴിഞ്ഞ് മുന്നോട്ട് വരുമ്ബോള്‍ ഒരു പാലമാണ്. ഇവിടെ സ്ട്രീറ്റ് ലൈറ്റും മറ്റും ഇല്ല എന്ന ഒരു ഗുരുതര പ്രശ്നം നിലനില്‍ക്കുന്നുണ്ട്. കുതിരാനിലേക്ക് എത്തിയപ്പോള്‍ ഇവരുടെ പക്കല്‍ നിന്ന് ഹെല്‍മറ്റ് താഴെ വീണു. ഇതെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിന്നില്‍ നിന്ന് വന്ന പാല്‍വണ്ടി ഇടിച്ചുകയറുന്നത്. വാഹനമടക്കം പാല്‍വണ്ടിയുടെ അടിയിലേക്ക് ഇടിച്ചുകയറി. ക്രെയിനുപയോഗിച്ച്‌ വണ്ടി മാറ്റിയതിന് ശേഷമാണ് ഇരുവരെയും വാഹനത്തിന്റെ അടിയില്‍ നിന്ന് പുറത്തെടുത്തത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. വളരെ ദാരുണമായ അപകടമാണ് കുതിരാനില്‍ ഉണ്ടായത്.