തിരുവനന്തപുരം കണ്ടല ഫാർമസി കോളജില്‍ വിദ്യാർഥി പ്രതിഷേധം. വിദ്യാർഥികള്‍ ഉന്നയിച്ച കോളജിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുണ്ടായ ചർച്ചയ്ക്കിടെയാണ് സംഭവം.കോളജ് ചെയർമാൻ വിദ്യാർഥികളോട് മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പരാതി. ഒത്തുതീർപ്പ് ചർച്ചയ്ക്കിടെയാണ് ചെയർമാൻ മോശമായി പെരുമാറിയതെന്ന് വിദ്യാർഥികള്‍ പറയുന്നു. കോളജില്‍ വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുകയാണ്.
ഫാർമസി കോളജില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികള്‍ രംഗത്തെത്തിയത്. ഈ പ്രതിഷേധം പിന്നീട് സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു. ജനപ്രതിനിധികള്‍ ഇടപെട്ട് ഒത്തുതീർപ്പ് ചർച്ചയ്ക്ക് എത്തിയപ്പോഴാണ് കോളജ് ചെയർമാൻ വിദ്യാർഥികളോട് മോശമായി പെരുമാറിയത്. പെണ്‍കുട്ടികളെ അസഭ്യം പറഞ്ഞെന്നും പരാതിയുണ്ട്. രക്ഷിതാവിന്റെ മുന്നില്‍വെച്ച് ചർച്ചയ്‌ക്കെത്തിയ വിദ്യാർഥിയെ ചെയർമാൻ പിടിച്ചുതള്ളുകയായിരുന്നു. നിലവില്‍ പൊലീസില്‍ പരാതിപ്പെടാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാർഥികളും രക്ഷിതാക്കളും.
അതേസമയം, കോളജ് അധികൃതർ അമിതമായി ഫീസിടാക്കുന്നുവെന്ന് ആരോപിച്ച് നേരത്തെയും ഇവിടെ പ്രതിഷേധം നടന്നിരുന്നു. ബി ഫാം ഡീ ഫാം കോഴ്സുകളിലായി 140 വിദ്യാർഥികളാണ് കോളജില്‍ പഠിക്കുന്നത്. പലരും മെറിറ്റ് സീറ്റില്‍ അഡ്മിഷൻ എടുത്തവരാണ്. ഇവരില്‍ നിന്നുമാണ് അധിക ഫീസ് കോളജ് മാനേജ്മെന്റ് ഇടാക്കുന്നതെന്നായിരുന്നു പരാതി. പലതവണ പരാതിപ്പെട്ടിട്ടും പരിഹാരമില്ലാതായതോടെയാണ് വിദ്യാർഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.