ബിന്ദുവിന് കണ്ണീരോടെ വിട നൽകി നാട്; മൃതദേഹം സംസ്കരിച്ചു

കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മൃതദേഹം സംസ്കരിച്ചു. ബിന്ദുവിനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനുമായി നിരവധിയാളുകളാണ് തലയോലപ്പറമ്പിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. ബിന്ദുവിന്‍റെ വീട്ടിലെ കാഴ്ചകൾ കണ്ടുനിൽക്കാനാകാതെ തേങ്ങുകയാണ് ഒരു നാട് മുഴുവനും. പാവപ്പെട്ട കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു ബിന്ദു. പണിപൂർത്തിയാകാത്ത വീട്ടിലാണ് കുടുംബം താമസിക്കുന്നത്. ഭർത്താവ് വിശ്രുതൻ ദിവസവേതനത്തിന് തൊഴിലെടുക്കുന്ന മേസ്തിരി പണിക്കാരനാണ്. മകൻ നവനീതിന് ഇ അടുത്താണ് കൊച്ചിയിൽ ജോലി കിട്ടിയത്. ആദ്യശമ്പളം അമ്മയെ ഏൽപ്പിക്കാൻ എത്തിയപ്പോഴായിരുന്നു അപകടം ഉണ്ടാകുന്നത്.

ഇന്നലെ രാവിലെ 11 മണിയോടെ തകർന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ രണ്ടര മണിക്കൂർ നേരമാണ് ബിന്ദു കുടുങ്ങിക്കിടന്നത്. പുറത്തെടുത്തപ്പോൾ തന്നെ മരണം സംഭവിച്ചിരുന്നു.മകൾ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ കൂട്ടിരിക്കാനായി എത്തിയതായിരുന്നു ബിന്ദു.

രക്ഷാപ്രവർത്തനം നേരത്തെ തുടങ്ങിയിരുന്നെങ്കിൽ ബിന്ദുവിനെ ഒരുപക്ഷെ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് വിശ്രുതൻ രംഗത്തുവന്നിരുന്നു. ആരെയും കുറ്റപ്പെടുത്താനില്ലെന്നും ഉണ്ടായത് കടുത്ത അനാസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആശ്വാസ വാക്കുമായി ആരും വന്നില്ല. കളക്ടറോ അധികാരികളോ മന്ത്രിമാരോ ബന്ധപ്പെട്ടില്ല.