24 പേര്‍ പങ്കെടുത്ത പഞ്ചായത്ത് യോഗത്തിന്റെ ഭക്ഷണ ബില്ല് 85,000 രൂപ
ഒരു പഞ്ചായത്തില്‍ 24 പേര്‍ പങ്കെടുത്ത ഒരു യോഗത്തില്‍ ഭക്ഷണത്തിന്റെ ബില്ല് 85000 രൂപ. യോഗത്തിലെ ഈ ഭക്ഷണ ബില്ല് കണ്ടതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാണ് ഇതേ കുറിച്ച് നടക്കുന്നത്.
മധ്യപ്രദേശിലെ ഭദ്വാഹി ഗ്രാമത്തില്‍ ജല്‍ ഗംഗാ സംവര്‍ദ്ധന്‍ മിഷന്റെ കീഴിലാണ് യോഗം നടന്നത്. സ്‌നാക്‌സ്, പഴങ്ങള്‍, ഡ്രൈ ഫ്രൂട്ട്സ് എന്നിവയെല്ലാം വാങ്ങിയിരിക്കുന്നതാണ് ബില്ലില്‍ കാണുന്നത്. അതോടെ സംഭവം വലിയ വിവാദവുമായി. മെയ് 25 -ന് നടന്ന യോഗത്തില്‍ ഷാഹ്ഡോള്‍ ജില്ലാ കളക്ടര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പ്രതിനിധികള്‍, ഗ്രാമവാസികള്‍ എന്നിവരുള്‍പ്പെടെ ഇരുപത്തിനാലോളം പേരാണ് പങ്കെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
റീഇംബേഴ്സ്മെന്റിനായി സമര്‍പ്പിച്ച ബില്ലുകള്‍ പ്രകാരം, ഇതില്‍ വാങ്ങിയിരിക്കുന്നത് 6 കിലോ കശുവണ്ടി, 3 കിലോ ഉണക്കമുന്തിരി, 3 കിലോ ബദാം, 9 കിലോ പഴങ്ങള്‍, 5 ഡസന്‍ വാഴപ്പഴം, 30 കിലോ സ്‌നാക്‌സ് എന്നിവയാണ്. സം?ഗതി ബില്ല് പുറത്ത് വന്നതോടെ ആളുകള്‍ അന്തംവിട്ടുപോയി എങ്ങനെയാണ് ഇത്രയും ആഡംബരം ഒരു യോഗത്തില്‍ വന്നത് എന്നായിരുന്നു പലരും ചോദിച്ചത്. ഇതൊക്കെ ആര് കഴിച്ചു എന്ന സംശയവും ആളുകള്‍ പങ്കുവച്ചു.
സംസ്ഥാന സര്‍ക്കാര്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ക്ക് ആഹ്വാനം ചെയ്യുകയും അതിനായി വായ്പ തേടുകയും ചെയ്യുന്ന ഈ സമയത്ത് ഇത് കടുപ്പം തന്നെ എന്നായിരുന്നു മറ്റ് ചിലരുടെ പ്രതികരണം.
‘ഞാന്‍ ഡ്രൈ ഫ്രൂട്ട്സ് കഴിക്കാറില്ല, യോഗത്തില്‍ വച്ചും ഞാന്‍ അവ കഴിച്ചിട്ടില്ല. ഞാന്‍ നേരത്തെ യോഗത്തില്‍ നിന്നും മടങ്ങിയിരുന്നു’ എന്നാണ് ഷാഹ്ഡോള്‍ ജില്ലാ കളക്ടര്‍ കേദാര്‍ സിംഗ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞത്.
‘ഈ ബില്ലുകള്‍ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഗോപഹരു ജന്‍പാഡ് പഞ്ചായത്ത് സിഇഒയുടെ നേതൃത്വത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാരാണെന്ന് കണ്ടെത്തിയവര്‍ക്കെതിരെ നടപടിയെടുക്കും’ എന്നും അദ്ദേഹം പറഞ്ഞു. ‘നാട്ടുകാര്‍ക്ക് ഭക്ഷണം വിളമ്പുന്നതൊക്കെ നല്ലതാണ്, പക്ഷേ ഇത്രയധികം ഡ്രൈ ഫ്രൂട്ട്സ് എങ്ങനെ കഴിക്കാന്‍ കഴിയും’ എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, ബില്ലില്‍ സാധനം വാങ്ങിയിരിക്കുന്ന കടയായി കാണിച്ചിരിക്കുന്ന കടയുടെ ഉടമ തന്റെ കടയില്‍ നിന്നും ഈ സാധനങ്ങളൊന്നും വാങ്ങിയിട്ടില്ല എന്നും വെളിപ്പെടുത്തിയിട്ടുണ്ട്.