‘മിടിക്കുന്ന ഹൃദയം’ വസ്ത്രത്തില്‍ തുന്നിപ്പിടിപ്പിക്കാനാകുമോ ? ആകും എന്നാണ് ഫാഷന്‍ ലോകം പറയുന്നത്
ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് ഫാഷന്‍ രംഗത്തെ മാറ്റങ്ങളും പരീക്ഷണങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. മാറുന്ന ലോകത്തെ കലാ-സാംസ്‌കാരിക, രാഷ്ട്രീയ സാഹചര്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നതില്‍ ഫാഷന്‍ ലോകവും ഒട്ടും പിന്നിലല്ല. കൂടാതെ സ്വന്തം വ്യക്തിത്വവും മൂല്യങ്ങളും വരെ പങ്കുവെക്കാന്‍ ഫാഷന്‍ രംഗം ഉപയോഗപ്പെടുത്തുന്നവരുമുണ്ട്.
ഇപ്പോള്‍ ഫാഷന്‍ രംഗത്തെ ഹിറ്റായി മാറിയിരിക്കയാണ് ‘ബീറ്റിംഗ്-ഹാര്‍ട്ട് ഡ്രസ്സ്’ (ഷിയാപരെല്ലിയുടെ മിടിക്കുന്ന ഹൃദയം) എന്ന വസ്ത്രം. 2025 ലെ Autumn Couture കളക്ഷനു വേണ്ടി ഷിയാപരെല്ലി നിര്‍മ്മിച്ച ഈ വസ്ത്രത്തിന്റെ ക്ലോസ്-അപ്പ് ലുക്ക് ദൃശ്യങ്ങള്‍ ഡിസൈനറായ ഡാനിയേല്‍ റോസ്ബെറി ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ഫാഷന്‍ ഡിസൈനിങ് എനിക്കൊരു തൊഴിലല്ലെന്നും അതെന്റെ പാഷനാണെന്നുമാണ് ഇറ്റാലിയന്‍ ഫാഷന്‍ ഡിസൈനര്‍ എല്‍സ ഷിയാപരെല്ലി പറയാറുള്ളത്. ഇരുപതാം നൂറ്റാണ്ടിലെ അറിയപ്പെടുന്ന ഫാഷന്‍ ഡിസൈനാറാണ് ഷിയാപരെല്ലി. ഫാഷന്‍ ലോകത്ത് തന്റേതായൊരിടം സൃഷ്ടിക്കാന്‍ ഷിയാപരെല്ലിക്ക് സാധിച്ചിട്ടുണ്ട്. സ്‌പോര്‍ട്‌സ് വസ്ത്രങ്ങള്‍, കല എന്നിവയില്‍ തന്റേതായ സംഭാവനകള്‍ നല്‍കാനും, കാഴ്ചപ്പാടുകള്‍ രേഖപ്പെടുത്താനും ഷിയാപരെല്ലിക്ക് കഴിഞ്ഞിട്ടുണ്ട്.
പാരീസില്‍ നടന്ന ഷിയാപരെല്ലിയുടെ ഏറ്റവും പുതിയ ഷോയില്‍ ആയിരുന്നു ഡിസൈനര്‍ ഡാനിയേല്‍ റോസ്‌ബെറി ഈയൊരു വസ്ത്രം പ്രദര്‍ശിപ്പിച്ചത്. മോഡലിന്റെ ചുവന്ന ഗൗണിനു മുകളില്‍ നെഞ്ചോടു ചേര്‍ത്ത് ഘടിപ്പിച്ചിരിക്കുന്ന തുറന്നതും മിടിക്കുന്നതുമായ ഒരു ഹൃദയം. ഇതില്‍ മോഡലിന്റെ തല പിന്നിലേക്ക് ചരിഞ്ഞ നിലയിലാണെന്ന പ്രത്യേകത കൂടിയുണ്ട്. തിളക്കമേറിയ, വജ്രസമാനമായ കല്ലുകള്‍ കൊണ്ടാണ് ഈ ഹൃദയത്തെ ഒരുക്കിയിരിക്കുന്നത്.
ഈയൊരു വസ്ത്രം ഷിയാപരെല്ലിയുടെ സര്‍റിയലിസത്തിന്റെ പകര്‍പ്പാണെന്നും, കൂടാതെ 1953-ല്‍ സാല്‍വദോര്‍ ദാലിയുടെ ‘ദി റോയല്‍ ഹാര്‍ട്ടി’ നോടുള്ള ബഹുമാനാര്‍ത്ഥം കൂടിയാണിതെന്നും പറയുന്നുണ്ട്.