Fincat

19-ാം വയസിൽ വീട്ടുകാർ തീരുമാനിച്ച വിവാഹം , ഒടുവിൽ വേർപിരിഞ്ഞു; ഒരു വസ്ത്രം വാങ്ങാൻ പോലും ചോദിക്കേണ്ട അവസ്ഥ മടുപ്പുണ്ടാക്കി – മനസ്സ് തുറന്ന് സീരിയൽ താരം

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് വർഷ ഇവാലിയ. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മൗനരാഗം എന്ന സീരിയലിൽ കാർത്തിക എന്ന കഥാപാത്രത്തെ ആണ് വർഷ അവതരിപ്പിക്കുന്നത്. കോഴിക്കോട് സ്വദേശിയാണ് വർഷ. ജീവിതം, അഭിനയം, തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊക്കെ വർഷ മനസു തുറക്കുകയാണ് പുതിയ അഭിമുഖത്തിൽ. പത്തൊൻപതാം വയസിൽ വിവാഹിതയായ ആളാണ് താനെന്നും ഏഴു വർഷം ഒരുമിച്ച് ജീവിച്ചതിനു ശേഷം പിരിഞ്ഞെന്നും വർഷ അഭിമുഖത്തിൽ പറഞ്ഞു.

 

”അതൊരു അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. പഠിക്കുന്ന സമയത്ത് 19 വയസുള്ളപ്പോളായിരുന്നു കല്യാണം. ആളുടെ പേരോ കാര്യങ്ങളോ ഒന്നും വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. അവർക്ക് അവരുടേതായ പ്രൈവസി ഉണ്ടല്ലോ. കല്യാണം കഴിഞ്ഞ് ആദ്യമൊന്നും കുഴപ്പമില്ലായിരുന്നു. നമ്മൾ വീടിനുള്ളിൽ തന്നെ ഒതുങ്ങിക്കൂടുകയാണല്ലോ എന്ന് പിന്നീട് എപ്പഴോ തോന്നിത്തുടങ്ങി. എന്റെ കുറേ മുസ്ലീം സുഹൃത്തുക്കൾ ഉണ്ടായിരുന്നു. അവരുടെയൊക്കെ വിവാഹം നേരത്തേ കഴിയും. കല്യാണം കഴിഞ്ഞാൽ നല്ല സുഖമായിരിക്കും, എപ്പോഴും യാത്രകളൊക്കെയായിരിക്കും എന്ന് അവർ പറയുമായിരുന്നു. അതുകൊണ്ട് എനിക്കും കുഴപ്പമില്ലായിരുന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ ‌അതൊരു വളരെ ചെറിയ പ്രായം ആയിരുന്നു. ഒരു വസ്ത്രം വാങ്ങാൻ പോലും ആളോട് അനുവാദം ചോദിക്കേണ്ട അവസ്ഥ വന്നപ്പോൾ മടുപ്പായി. ഞങ്ങൾ ഒരു ഏഴ് വർഷം ഒരുമിച്ച് ഉണ്ടായിരുന്നു. എല്ലാവരും അവരവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുക, അതാണ് എനിക്ക് പറയാനുള്ളത്”, എന്നാണ് സീരിയൽ ടു‍ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ വർഷ പറഞ്ഞത്.

ചെറുപ്പം മുതലേ അഭിനയം തനിക്ക് വലിയ ഇഷ്ടമായിരുന്നുവെന്നും മഞ്ജു വാര്യരുടെ വലിയ ഫാനാണ് താനെന്നും വർഷ പറയുന്നു. ”മഞ്ജു ചേച്ചിയുടെ അഭിനയം എനിക്ക് ഇഷ്ടമാണ്, അതുപോലെ തന്നെ ഇഷ്മാണ് ജീവിതത്തിലേക്കുള്ള ചേച്ചിയുടെ തിരിച്ചു വരവും”, എന്നും വർഷ കൂട്ടിച്ചേർത്തു.