Fincat

ഗൂഗിളിന്റെ ജെമിനി ആപ്പില്‍ ഇനി ചിത്രങ്ങളെ വീഡിയോകളാക്കി മാറ്റാം; അറിയേണ്ടതെല്ലാം

ഗൂഗിള്‍ അവരുടെ ജെമിനി ആപ്പില്‍ വീഡിയോ ജനറേഷന്‍ സവിശേഷതകള്‍ അവതരിപ്പിച്ചു. ഏറ്റവും പുതിയ വീഡിയോ ജനറേഷന്‍ മോഡലായ Veo 3 ഉപയോഗിച്ച് സ്റ്റില്‍ ഫോട്ടോകളെ ആനിമേറ്റഡ് വീഡിയോ ക്ലിപ്പുകളാക്കി മാറ്റാന്‍ ഈ സവിശേഷത ഉപയോക്താക്കളെ അനുവദിക്കും. തിരഞ്ഞെടുത്ത രാജ്യങ്ങളിലെ ഗൂഗിള്‍ എഐ പ്രോ, അള്‍ട്രാ സബ്സ്‌ക്രൈബര്‍മാര്‍ക്ക് ജൂലൈ 11 മുതല്‍ ഈ അപ്ഡേറ്റ് ലഭ്യമാകാന്‍ തുടങ്ങി.

ഒരു ബ്ലോഗ് പോസ്റ്റിലൂടെ ജെമിനി ആപ്പില്‍ ഈ സവിശേഷതയുടെ ലഭ്യമാകുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചു. ഈ പുതിയ സവിശേഷതയിലൂടെ ഗൂഗിള്‍ എഐ അള്‍ട്രാ, ഗൂഗിള്‍ എഐ പ്രോ പ്ലാന്‍ ഉപയോക്താക്കള്‍ക്ക് പ്രതിദിനം എട്ട് സെക്കന്‍ഡ് വീതമുള്ള മൂന്ന് വീഡിയോ ക്ലിപ്പുകള്‍ സൃഷ്ടിക്കാന്‍ കഴിയും. ഇതൊരു പണമടച്ചുള്ള സേവനമാണ്. ഇതിനായി നിങ്ങള്‍ എല്ലാ മാസവും കുറഞ്ഞത് 1950 രൂപ ചെലവഴിക്കേണ്ടിവരും. ഈ വീഡിയോ ക്ലിപ്പുകള്‍ ഓഡിയോയോടൊപ്പമായിരിക്കും. കൂടാതെ ജെമിനി ആപ്പില്‍ നിന്നും നേരിട്ട് സൃഷ്ടിക്കാനും കഴിയും. നിങ്ങള്‍ക്ക് ദൈനംദിന വസ്തുക്കളെ ആനിമേറ്റ് ചെയ്യാനും നിങ്ങളുടെ ഡ്രോയിംഗുകള്‍ക്കും പെയിന്റിംഗുകള്‍ക്കും ജീവന്‍ നല്‍കാനും അല്ലെങ്കില്‍ പ്രകൃതി ദൃശ്യങ്ങള്‍ക്ക് ചലനം നല്‍കാനും ഈ സവിശേഷതയിലൂടെ കഴിയും എന്ന് ഗൂഗിള്‍ പറഞ്ഞു.

ഈ സവിശേഷത ഉപയോഗിക്കാന്‍ ജെമിനി ആപ്പ് തുറന്ന് പ്രോംപ്റ്റ് ബോക്‌സിലെ ടൂള്‍ബാറില്‍ നിന്ന് വീഡിയോകള്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. തുടര്‍ന്ന് നിങ്ങളുടെ ഫോട്ടോ ഗാലറിയില്‍ നിന്ന് ഒരു ചിത്രം തിരഞ്ഞെടുക്കുക. ആ ഇമേജിനെ അടിസ്ഥാനമാക്കി ഒരു വീഡിയോ സൃഷ്ടിക്കാന്‍ ജെമിനിക്ക് വിശദമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക. അതായത് ഏത് തരത്തിലുള്ള ആനിമേഷന്‍ ആവശ്യമാണ്, പശ്ചാത്തലം എന്തായിരിക്കണം, ഓഡിയോ എന്തായിരിക്കണം തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കുക. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ജെമിനി ആ നിശ്ചല ചിത്രത്തെ ഒരു ചലനാത്മക വീഡിയോയാക്കി മാറ്റും.

ഈ വീഡിയോയില്‍ ദൃശ്യമാകുന്ന ഒരു വാട്ടര്‍മാര്‍ക്കും അദൃശ്യമായ ഒരു സിന്തൈഡ് ഡിജിറ്റല്‍ വാട്ടര്‍മാര്‍ക്കും ലഭിക്കും. തംബ്സ് മുകളിലേക്കോ താഴേക്കോ നല്‍കുന്നതിലൂടെ ഈ വീഡിയോകളെക്കുറിച്ച് ഫീഡ്ബാക്ക് നല്‍കുന്നതിന് ഉപയോക്താക്കള്‍ക്ക് സാധിക്കും. അതുവഴി ഗൂഗിളിന് ഈ സവിശേഷത കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കും. എഐ ഫിലിം മേക്കിംഗിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഗൂഗിളിന്റെ ഫ്‌ലോ ടൂളിലും ഈ ഫീച്ചര്‍ ലഭ്യമാണ്.