Fincat

കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു


പാലക്കാട്: കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. നാല് വയസുകാരി എമിലീന മരിയ മാർട്ടിൻ ആണ് മരിച്ചത്.പൊല്‍പ്പുളളി കൈപ്പക്കോട് സ്വദേശി എല്‍സി മാർട്ടിൻ, മക്കളായ എമിലീന മരിയ മാർട്ടിൻ, ആല്‍ഫ്രഡ് പാർപ്പിൻ എന്നിവർക്കാണ് കഴിഞ്ഞ ദിവസം ഗുരുതരമായി പരിക്കേറ്റത്. മൂവർക്കും 90 ശതമാനത്തിലധികം പൊളളലേറ്റിരുന്നു. മുതിർന്ന കുട്ടിയ്ക്ക് നിസാര പരിക്കുകളുണ്ട്.

പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സാണ് എല്‍സി മാർട്ടിൻ. ഇന്നലെ വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. കുട്ടികളുമൊത്ത് പുറത്തുപോകാനായി കാറില്‍ കയറിയപ്പോഴായിരുന്നു സംഭവം. പഴയ മാരുതി 800 കാറാണ് പൊട്ടിത്തെറിച്ചത്. കാറിന് പുറത്തായിരുന്നു കുട്ടികളും എല്‍സിയും കിടന്നിരുന്നത്. കാറിന്റെ പിൻവശത്തായിരുന്നു തീ ഉയർന്നത്.

കാർ സ്റ്റാർട്ട് ചെയ്ത ഉടൻ പെട്രോളിന്റെ മണംവന്നുവെന്നും രണ്ടാമത് സ്റ്റാർട്ട് ചെയ്യാൻ ചെയ്യാൻ ശ്രമിച്ചപ്പോഴാണ് പൊട്ടിത്തെറിച്ചതെന്നും കുട്ടി പറഞ്ഞതായി ആംബുലൻസില്‍ ഉണ്ടായിരുന്ന അയല്‍വാസി പറഞ്ഞിരുന്നു. ഏറെ നാളായി ഉപയോഗിക്കാതെ കിടന്ന കാറാണ് പൊട്ടിത്തെറിച്ചത്. എല്‍സിയുടെ ഭർത്താവ് അടുത്തിടെയാണ് മരിച്ചത്.