ദിവസങ്ങളോളം പച്ചക്കറികള്‍ കേടുവരാതിരിക്കാന്‍ ഇതാ ചില പൊടിക്കൈകള്‍
ഉപയോഗിക്കുന്നതിന് മുമ്പ് വാങ്ങിയ പച്ചക്കറികള്‍ കേടുവന്നോ? എങ്കില്‍ വിഷമിക്കേണ്ട പരിഹാരമുണ്ട്. കേടുവരാത്ത ഫ്രഷായ പച്ചക്കറികള്‍ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. എന്നാല്‍ ശരിയായ രീതിയില്‍ പച്ചക്കറികള്‍ സൂക്ഷിക്കാതെ ആകുമ്പോള്‍ ഇത് കേടാവുകയും ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയിലും ആകുന്നു. വാങ്ങിയ പച്ചക്കറികള്‍ ദിവസങ്ങളോളം കേടുവരാതിരിക്കാന്‍ ഇത്രയും ചെയ്താല്‍ മതി.
വായുസഞ്ചാരമുള്ള ബാഗുകള്‍
പച്ചക്കറികള്‍ എപ്പോഴും ഫ്രഷായിരിക്കണമെങ്കില്‍ നല്ല വായുസഞ്ചാരമുള്ള ബാഗിലാക്കി സൂക്ഷിക്കേണ്ടതുണ്ട്. ശരിയായ രീതിയില്‍ വായു സഞ്ചാരം ഉണ്ടാവാതെ വായു തങ്ങി നിന്നാല്‍ പച്ചക്കറികള്‍ പെട്ടെന്ന് കേടായിപ്പോകുന്നു. ഇങ്ങനെ സൂക്ഷിച്ചാല്‍ എത്രദിവസം വരെയും പച്ചക്കറി കേടുവരാതിരിക്കും.
വേരുകള്‍ ഡ്രൈ ആയിരിക്കണം
പച്ചക്കറികളുടെ വേരുകളില്‍ ഈര്‍പ്പം ഉണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാം. ക്യാരറ്റ്, ഉരുളകിഴങ്ങ്, സവാള തുടങ്ങിയ പച്ചക്കറികള്‍ ഈര്‍പ്പമില്ലാത്ത തണുപ്പുള്ള സ്ഥലങ്ങളില്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. ആവശ്യമില്ലെങ്കില്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഇത് പച്ചക്കറികള്‍ പെട്ടെന്ന് ഇല്ലാതാകാന്‍ കാരണമാകുന്നു.
എത്തിലീന്‍ വാതകം
പഴവര്‍ഗ്ഗങ്ങളായ ആപ്പിള്‍, പഴം എന്നിവയില്‍ നിന്നും എത്തിലീന്‍ വാതകം പുറന്തള്ളപ്പെടുന്നു. ഇത് പച്ചക്കറികള്‍ പെട്ടെന്ന് പഴുക്കാനും കേടുവരാനും കാരണമാകുന്നു. അതിനാല്‍ തന്നെ ഇത്തരം പഴങ്ങള്‍ക്കൊപ്പം പച്ചക്കറികള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കാം.
പേപ്പര്‍ ടവലില്‍ പൊതിയാം
ലെറ്റൂസ്, ചീര തുടങ്ങിയ ഇലക്കറികള്‍ ഡ്രൈ ആയിട്ടുള്ള പേപ്പര്‍ ടവലില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്നതാണ് നല്ലത്. ഇത് ഈര്‍പ്പത്തെ വലിച്ചെടുക്കുകയും പച്ചക്കറികള്‍ ഫ്രഷായിരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
പച്ചക്കറികള്‍ കഴുകരുത്
സൂക്ഷിക്കുന്നതിന് മുമ്പ് പച്ചക്കറികള്‍ കഴുകാന്‍ പാടില്ല. ഇത് പച്ചക്കറികളില്‍ ഈര്‍പ്പം തങ്ങി നില്‍ക്കാനും അതുമൂലം അണുക്കള്‍ ഉണ്ടാവുകയും പച്ചക്കറികള്‍ കേടുവരാനും കാരണമാകുന്നു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പച്ചക്കറികള്‍ എത്ര ദിവസം വരെയും കേടുവരാതിരിക്കും.