Fincat

സിലബസില്‍ വേടനുണ്ടാകും; വിദഗ്ധ സമിതിയുടെ പഠനത്തിന് നിയമ സാധുതയില്ല; പാഠഭാഗവുമായി മുന്നോട്ട് പോകും: എംഎസ് അജിത്


കോഴിക്കോട്: വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയ കാലിക്കറ്റ് സര്‍വ്വകലാശാല ബിഎ മൂന്നാം സെമസ്റ്റര്‍ സിലബസുമായി മുന്നോട്ട് പോകുമെന്ന് മലയാളം യു ജി ബോര്‍ഡ് ചെയര്‍മാന്‍ എംഎസ് അജിത്.സിലബസിനെക്കുറിച്ച്‌ പരാതിയുണ്ടെങ്കില്‍ ഭാഷാ വിഭാഗം ഡീനും പിന്നീട് അക്കാദമിക് കൗണ്‍സിലും പഠിച്ച്‌ തിരുത്തുകയാണ് ചെയ്യേണ്ടത്. അതാണ് സര്‍വ്വകലാശാല ആക്ടിലും സ്റ്റാറ്റ്യൂട്ടിലും പറയുന്നത് എന്നും എം എസ് അജിത് പറഞ്ഞു.

പുറത്ത് നിന്ന് ഒരാള്‍ക്കും പരാതിയെക്കുറിച്ച്‌ പഠിക്കാനാകില്ല. അതിന് നിയമസാധുതയില്ല. വൈസ് ചാന്‍സലര്‍ അംഗീകരിച്ച സിലബസ് ആണ് മലയാളം യുജി ബോര്‍ഡിന്റേത്. എം എം ബഷീറിന്റെ റിപ്പോര്‍ട്ടിനെ കുറിച്ച്‌ സര്‍വ്വകലാശാല ഒരു അറിയിപ്പും തന്നിട്ടില്ലെന്ന് എം എസ് അജിത് പറഞ്ഞു.

സര്‍വ്വകലാശാല ബിഎ മൂന്നാം സെമസ്റ്റര്‍ മലയാളം സിലബസില്‍ നിന്നും വേടന്റേയും ഗൗരിലക്ഷ്മിയുടേയും പാട്ടുകള്‍ ഒഴിവാക്കാനായിരുന്നു വൈസ് ചാന്‍സലര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ. മലയാളം വിഭാഗം മുന്‍ മേധാവി ഡോ. എം എം ബഷീര്‍ ആണ് പഠനം നടത്തി വൈസ് ചാന്‍സലര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേടന്റെ പാട്ട് പിന്‍വലിക്കാന്‍ ശുപാര്‍ശ ചെയ്തത്.

ഗൗരി ലക്ഷ്മിയുടെ ‘അജിത ഹരേ’ എന്ന പാട്ട് കഥകളി സംഗീതവുമായി താരതമ്യപഠനം നടത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ബി എ മലയാളം പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ അടിസ്ഥാന കാര്യങ്ങളില്‍ പോലും ധാരണയുണ്ടാവില്ലെന്നും ഇത്തരം താരതമ്യപഠനം കഠിനമായിരിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പാട്ട് പിന്‍വലിക്കാന്‍ ശുപാര്‍ശ ചെയ്തത്.

വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തിയതിനെതിരെ സിന്‍ഡിക്കേറ്റിലെ ബിജെപി അംഗം എ കെ അനുരാജ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ചാന്‍സലറുടെ നിര്‍ദേശ പ്രകാരം വി സി ഡോ. പി രവീന്ദ്രന്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.