Fincat

ബോഡി ഷെയിമിങ് ഇനി തമാശയല്ല, പരിഹസിച്ചാല്‍ അഴിയെണ്ണാം

ബോഡി ഷെയിമിങ് ഒരു തമാശ ഇനമായി കാണുന്നവരോട് ചിലത് പറയാനുണ്ട്. മറ്റുള്ളവരുടെ ശരീരം നിങ്ങളുടെ സൗന്ദര്യ സങ്കല്‍പത്തെ തൃപ്തിപ്പെടുത്തുന്നില്ലെങ്കില്‍ വായടച്ച് മിണ്ടാതിരിക്കുന്നതാണ് ഇനി നല്ലത്, അല്ലാതെ അതുമായി തമാശിക്കാനോ, പരിഹസിക്കാനോ ചെന്നാല്‍ ഇനി അഴിയെണ്ണേണ്ടി വരും. രാജ്യത്ത് ആദ്യമായി ബോഡി ഷെയിമിങ് റാഗിങ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യമായി കാണാനുള്ള ബില്‍ അവതരിപ്പിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

സമൂഹം കല്പിച്ച അഴകളവുകളുടെ അപ്പുറത്തോ ഇപ്പുറത്തോ ആണെങ്കില്‍ ആ ‘കുറവുകളുടെ’ പേരില്‍ അതുവച്ച് അവരെ പരിഹസിക്കുന്നത് മലയാളിയുടെ ഒരു സ്വഭാവമാണ്.തൊലിയങ്ങ് വെളുത്തിരിക്കണം, തടി കൂടാനോ കുറയാനോ പാടില്ല, മുടിവളര്‍ത്തിയാലും വെട്ടിയാലും കുറ്റം, പല്ലുപൊന്തരുത്, കുറച്ചുപൊക്കം കൂടിയാല്‍ തോട്ടി, കുറഞ്ഞാല്‍ പൊടിഡപ്പി..നിങ്ങളെന്താണ് പറയുന്നതെന്ന് ചോദിച്ചാല്‍ വെറുതെ തമാശിച്ചതല്ലേ, അതൊക്കെ ഇത്ര കാര്യമായെടുക്കണോ എന്ന് ഒട്ടും ഉള്ളില്‍ തട്ടാതെയുള്ള മറുപടിയും ലഭിക്കും. പറയുന്നവനും കേള്‍ക്കുന്നവനും ചിരിക്കുമെങ്കിലും ഇരയാക്കപ്പെട്ടവന്റെ ഉള്ളിലതങ്ങനെ നീറിപ്പിടിക്കും, ഒരുപക്ഷെ കാലങ്ങളോളം. അത് പ്രിയപ്പെട്ടവരില്‍ നിന്നാകുമ്പോള്‍ പറയുകയും വേണ്ട, ആ വേദനയുടെ ആഴം അല്പംകൂടി കൂടും.

നീ കറുത്തിട്ടല്ലേ.. നിനക്ക് ബ്രൈറ്റ് കളര്‍ ഉടുപ്പുകള്‍ ചേരില്ല, നീ തടിച്ചിട്ടല്ലേ.. നിനക്ക് ജീന്‍സിട്ടാല്‍ വൃത്തികേടായിരിക്കും ബോഡി ഷേമിങിന്റെ ഏറ്റവും സാധാരണ രൂപമാണിത്. എന്നാല്‍ ചെറുപ്പം മുതല്‍ ഇത് കേട്ടു വളരുന്ന ഒരാള്‍ക്ക് ഇതേല്‍പ്പിക്കുന്ന ട്രോമ ചില്ലറയല്ല. അപകര്‍ഷതയുടെ ഇരുട്ടില്‍ സ്വയം ഒതുങ്ങിക്കൂടും. ആത്മാഭിമാനത്തോടെ, ആത്മവിശ്വാസത്തോടെ തലയുയര്‍ത്താന്‍ മടിക്കും..തമാശയ്ക്ക് കളിയാക്കിയവരോ ഇതൊന്നുമറിയാതെ ഈ കലാപരിപാടിയങ്ങ് തുടരുകയും ചെയ്യും. കാലങ്ങളായി ആരില്‍ നിന്നോ കിട്ടിയ ട്രോമയെ അടുത്തതലമുറയിലേക്ക് ഇവര്‍ ഇന്‍ജെക്ട് ചെയ്യുകയാണെന്ന വസ്തുതയും തള്ളിക്കളയാനാകില്ല. എന്തൊക്കെയായാലും 90 ശതമാനം ആളുകളിലും ആത്മവിശ്വാസക്കുറവും, സോഷ്യല്‍ ആങ്‌സൈറ്റിയും ഉണ്ടാകാനുള്ള പ്രധാന കാരണം ഇത്തരം കളിയാക്കലുകളേറ്റുവാങ്ങിയ ബാല്യമാണ്.

സിനിമകളിലെയും കോമഡി ഷോകളിലെയും തമാശ ചേരുവകളില്‍ പ്രധാനമായിരുന്നു ഒരുകാലത്ത് ബോഡി ഷെയ്മിങ്. അതുകണ്ട് തലയറഞ്ഞ് ചിരിച്ചവരാണ് നമ്മളില്‍ പലരും. പക്ഷെ ആ ചിരിക്ക് പണ്ടത്തെ അത്ര മുഴക്കമില്ലാതായിട്ട് നാളുകുറച്ചായി. നര്‍ത്തകന് കാക്കയുടെ നിറമാണെന്നും പെറ്റതള്ള സഹിക്കില്ലെന്നും പറഞ്ഞ ഒരു നൃത്താധ്യാപികയ്ക്കെതിരെ ഒറ്റക്കെട്ടായി പ്രതികരിച്ചവരാണ് കേരളം.

പല്ല് പൊന്തിയിരിക്കുന്ന ആളുകള്‍ക്ക് പൊലീസ് സേനയുടെ ഭാഗമാകാന്‍ കഴയില്ല എന്നൊരു നിയമം അടുത്ത കാലം വരെ നമ്മുടെ കേരളത്തിലുണ്ടായിരുന്നു. എന്നാല്‍ ആ നിയമം പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് കണ്ടെത്തി പരിഷ്‌കരിച്ചു. സ്ത്രീധന പീഡനം പോലെ പെണ്‍കുട്ടികള്‍ അനുഭവിച്ചിരുന്ന പ്രശ്‌നമായിരുന്നു ബോഡി ഷെയിമിങ്ങും. ചര്‍മം ഇരുണ്ടുപോയതിന്റെ പേരില്‍,തടി കൂടിയതിന്റെ പേരില്‍, മുടി കുറഞ്ഞുപോയതിന്റെ പേരില്‍ എല്ലാം ബോഡിഷെയ്മിങ്ങിന് ഇരയായിട്ടുള്ള പെണ്‍കുട്ടികളുള്ള നാടാണ് കേരളം. ഇതിന് പരിഹാരമായിട്ടാണ് ബോഡി ഷെയിമിങ് ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരുമെന്ന ഉത്തരവ് 2024ല്‍ ഹൈക്കോടതി പുറപ്പെടുവിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബോഡി ഷെയിമിങിനെ റാഗിങ് പരിധിയില്‍ വരുന്ന കുറ്റമാക്കി മാറ്റാനുള്ള നീക്കം സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്.

പുരോഗമന സമൂഹമായിട്ട് കൂടി, ഇവിടെ കാലാകാലങ്ങളായി നിലനില്‍ക്കുന്ന ചില യാഥാസ്ഥിതിക കാഴ്ചപ്പാടുകളുടെ തിരുത്തലാണ് മറ്റൊരാളുടെ മനസിന് മുറിവേല്‍പ്പിക്കുന്ന തരത്തില്‍ വാക്കുകള്‍ ഉപയോഗിക്കുന്നത് കുറ്റകൃത്യമായി കാണാനുള്ള സാക്ഷര കേരളത്തിന്റെ ഈ നീക്കം. ഒരു വലിയ മാറ്റത്തിലേക്കുള്ള ആദ്യപടി. കറുത്തിട്ടാണെങ്കിലും കാണാന്‍ നല്ല ലുക്കാണെന്ന് പറയുന്നതിനകത്തെ ധ്വനിപോലും തിരിച്ചറിയാത്ത സമൂഹത്തിന് കിട്ടുന്ന നല്ലൊന്നാന്തരം പ്രഹരം.

കേരള സമൂഹത്തിലെ ഇനിയുള്ള തലമുറയെങ്കിലും ബോഡി ഷെയിമിങിന് ഇരകളാകാതെ വളരേണ്ടതുണ്ട്. പൊതുസമൂഹത്തിന്റെ സൗന്ദര്യ സങ്കല്‍പത്തെ തൃപ്തിപ്പെടുത്തുന്നില്ല എന്ന കാരണത്താല്‍ ഒരു കുട്ടിയ്ക്കും അരക്ഷിതാവസ്ഥ ഉണ്ടാകാതിരിക്കാന്‍ പുതിയ ഇടപെടലിന് സാധിക്കും. സമൂഹത്തില്‍ തലയുയര്‍ത്തി നില്‍ക്കാനും, ആത്മാഭിമാനത്തോടെ ജീവിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. ആ അവകാശത്തെ ഹനിക്കാതെ, സ്വന്തം ശരീരത്തിന്റെ പ്രത്യേകതകളില്‍ അഭിമാനിച്ച്, ആത്മസ്‌നേഹം കുറയാതെ അവര്‍ തുടരട്ടേ..