Fincat

ശീലം തന്നെ പ്രശ്‌നം! ലോണ്‍ കിട്ടാന്‍ യുവാക്കള്‍ പെടാപ്പാട് പെടുന്നുണ്ടോ? പ്രതിസന്ധികള്‍ എങ്ങനെ മറികടക്കാം

ജോലിയൊക്കെ നേടി പതിയെപ്പതിയെ ജീവിതം കെട്ടിപ്പടുക്കുന്ന പ്രായമാണ് നമ്മുടെ ഇരുപതുകള്‍. 20 വയസു മുതല്‍ 30 വയസുവരെ സാധാരണക്കാരായ ചെറുപ്പക്കാര്‍ക്ക് കുറച്ചധികം സാമ്പത്തിക ശ്രദ്ധ വേണ്ട കാലമാണ് താനും. ഇഎംഐ, എമര്‍ജന്‍സി ഫണ്ട്, സേവിങ്‌സ് തുടങ്ങി സാമ്പത്തിക അച്ചടക്കമുള്ള ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ തുടങ്ങുന്ന സമയമാണിത്. ഇക്കാലത്ത് വണ്ടി വാങ്ങാനും, വീടു വാങ്ങാനും എന്തിന് വിവാഹം കഴിക്കാനുള്ള ചെലവുകള്‍ക്ക് വരെ ഇന്ന് പലരും ലോണുകളെ ആശ്രയിക്കുന്നുണ്ട്. എന്നാല്‍ ഇരുപതുകളില്‍ പലപ്പോഴും ലോണുകള്‍ ലഭിക്കാനും അത്രയും കഷ്ടപ്പാട് നേരിടേണ്ടി വരാറുണ്ട്. എന്തൊക്കെയായിരിക്കും ഇതിനുള്ള കാരണങ്ങള്‍?

പലപ്പോഴും നമ്മുടെ ശീലങ്ങളാണ് ഇവിടെ വില്ലനാകുന്നത്. നിങ്ങളുടെ വരുമാനത്തെ അല്ലെങ്കില്‍ ശമ്പളത്തെ നിങ്ങളെങ്ങനെ മാനേജ് ചെയ്യുന്നു എന്നുള്ളതാണ് പിന്നീടുള്ള നിങ്ങളുടെ ജീവിതത്തെ തന്നെ നിര്‍വചിക്കാന്‍ പോകുന്നത്. സാമ്പത്തികം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു മേഖലയാണ് എന്ന് തിരിച്ചറിഞ്ഞു കൊണ്ട് തന്നെ ഓരോ കാര്യങ്ങളിലും തീരുമാനമെടുക്കേണ്ടതായുണ്ട്.

സാമ്പത്തിക സാക്ഷരത ഇല്ലായ്മയാണ് ഇതിനൊരു പ്രധാന കാരണമായി കണക്കാക്കുന്നത്. വരവുകള്‍, ചെലവുകള്‍ എന്നിവയൊന്നും കാണാതെ അമിത ആര്‍ഭാടങ്ങള്‍ക്ക് പണം ചെലവഴിക്കുന്ന പ്രവണത ഒട്ടും ശരിയല്ല. മൊബൈല്‍ ഫോണ്‍, വാഹനം തുടങ്ങിയവ ഇന്നത്തെക്കാലത്ത് വളരെ അത്യാവശ്യമാണ്. എന്നാല്‍ നിങ്ങളുടെ ആവശ്യകതകളും സാമ്പത്തിക സ്ഥിതിയും മാച്ച് ചെയ്യുന്നവ വാങ്ങുന്നതാണ് നല്ലത്. നിങ്ങള്‍ക്ക് പ്രത്യേകിച്ച് ആവശ്യമൊന്നുമില്ലാത്ത ഫീച്ചറുകളുള്ള ഫോണ്‍ വാങ്ങാനായി വലിയ പണം ചിലവഴിക്കുന്നതു കൊണ്ട് കാര്യമില്ലെന്നര്‍ത്ഥം.

സാമ്പത്തിക സാക്ഷരതയുടെ അഭാവം കൊണ്ടുണ്ടാകുന്ന അനന്തര ഫലങ്ങളാണ് മറ്റു സാമ്പത്തിക പ്രശ്‌നങ്ങള്‍ മുഴുവനും. മിക്ക ഷോപ്പിംഗ് ആപ്പുകളിലും ഇപ്പോള്‍ ബൈ നൗ പേ ലേറ്റര്‍ ഓപ്ഷനുണ്ട്. വളരെ ചെറിയ ബാക്ക്ഗ്രൗണ്ട് ചെക്ക് നടത്തി, അധികം നൂലാമാലകളില്ലാതെ ലഭിക്കുന്ന ഒരു മാര്‍ഗമായതു കൊണ്ട് തന്നെ ആളുകള്‍ ഏറെയും ഇതിനെ ആശ്രയിക്കുന്നുണ്ട്. എളുപ്പം ലഭിക്കുന്നതു കൊണ്ട് തന്നെ അമിതമായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന പ്രവണതയും കണ്ടു വരുന്നുണ്ട്. ഇത് നമ്മളെ വലിയ ബാധ്യതകളിലേക്ക് കൊണ്ടെത്തിക്കും.

വരവ് നോക്കാതെ ചെലവഴിക്കുന്നതും ഒട്ടും ശരിയായ രീതിയല്ല. കൃത്യമായ ഒരു വരുമാനമില്ലാത്തവരെയാണ് ഇത് കൂടുതല്‍ ബാധിക്കുക. കൃത്യമായ ശമ്പളമോ വരുമാനമോ ഇല്ലെങ്കില്‍ നിങ്ങളുടെ അടവുകള്‍ തെറ്റുകയും, ബാധ്യത കൂടുകയും, ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ കുറയുന്നതിന് വരെ കാരണമാകുകയും ചെയ്യും.

സേവിംഗ്‌സ്, എമര്‍ജന്‍സി ഫണ്ട്, നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ്, ചെലവുകള്‍ തുടങ്ങിയവക്ക് അതത് പ്രധാന്യം നല്‍കേണ്ടതുണ്ട്. ശമ്പളമോ വരുമാനമോ അതത് മാസം തന്നെ തീര്‍ക്കുക എന്നതിലപ്പുറം കരുതലായിക്കൂടെ കാണാന്‍ പ്രാപ്തരാകേണ്ടതുണ്ട്. സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധയോടെ, സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാം.