Fincat

കെഎസ്ആര്‍ടിസിയില്‍ കുഴഞ്ഞു വീണ സ്ത്രീക്ക് രക്ഷകയായി നഴ്‌സിങ് ഓഫീസര്‍

കെഎസ്ആര്‍ടിസി ബസിനുള്ളില്‍ കുഴഞ്ഞു വീണു ബോധരഹിതയായ സ്ത്രീക്ക് രക്ഷകയായി നഴ്സിങ് ഓഫീസര്‍. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ നഴ്സിങ് ഓഫീസര്‍ ബിന്‍സി ആന്റണിയാണ് പള്ളിപ്പുറം സ്വദേശിനിയായ മധ്യവയസ്‌കയ്ക്ക് ബസിനുള്ളില്‍ വെച്ചു തന്നെ സിപിആര്‍ നല്‍കി രക്ഷപ്പെടുത്തിയത്.

ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ നിന്നും കഴിഞ്ഞ ദിവസം ഡ്യൂട്ടി കഴിഞ്ഞ് ചേര്‍ത്തലയിലുള്ള വീട്ടിലേക്ക് പോകുന്നതിനായി ആലപ്പുഴ ബസ് സ്റ്റാന്‍ഡില്‍ നിന്നും ബിന്‍സി കയറിയ കെഎസ്ആര്‍ടിസി ബസിനുള്ളിലായിരുന്നു സംഭവം.

കായംകുളത്തു നിന്നും വന്ന ബസിനുള്ളില്‍ കുറച്ചു യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെട്ട ബസിനുള്ളില്‍ നിന്നും നിലവിളി കേട്ടാണ് മുന്‍സീറ്റില്‍ ഇരുന്ന ബിന്‍സി പിന്നിലേക്ക് നോക്കിയത്. അപ്പോള്‍ ഒരു സ്ത്രീയുടെ ദേഹത്തേക്ക് മറ്റൊരു സ്ത്രീ വീണു കിടക്കുന്നതാണ് കണ്ടത്. ബസ് നിര്‍ത്തിയതിനെ തുടര്‍ന്ന് കണ്ടക്ടറുടെയും യാത്രക്കാരുടെയും സഹായത്തോടെ ബോധരഹിതയായ സ്ത്രീയെ ബസിനുള്ളില്‍ നിലത്തു കിടത്തി നഴ്‌സ് ആയ ബിന്‍സി സിപിആര്‍ നല്‍കി.

തുടര്‍ന്ന് ബോധം ലഭിച്ച സ്ത്രീയെ കെഎസ്ആര്‍ടിസി ബസില്‍ തന്നെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച മധ്യവയസ്‌കയ്ക്ക് അടിയന്തിര ചികിത്സ നല്‍കിയശേഷം വണ്ടാനത്തേക്ക് റഫര്‍ ചെയ്തു. ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയായിരുന്നു. നിലവില്‍ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്ത സഹോദരനെ തിരികെ വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു കുഴഞ്ഞുവീണ സ്ത്രീയെന്ന് കൂടെയുണ്ടായിരുന്ന സ്ത്രീയുടെ സംസാരത്തില്‍ നിന്നും മനസിലായതായി നഴ്സിങ് ഓഫിസര്‍ ബിന്‍സി ആന്റണി പറഞ്ഞു.

ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി ജോലി ചെയ്തു വരുന്ന ബിന്‍സി ചേര്‍ത്തല പള്ളിപ്പുറം ചാത്തമംഗലത്ത് നികര്‍ത്ത് സിബിയുടെ ഭാര്യയാണ്. മക്കള്‍: വിദ്യാര്‍ത്ഥികളായ അലക്‌സ്, ബേസില്‍ ‘ ബിന്‍സിയെ ആശുപത്രി സൂപ്രണ്ട് ഡോ സന്ധ്യ ആറിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.