Fincat

രാഷ്ട്ര പുരോഗതിയുടെ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളും മുതിര്‍ന്നവരും ഒറ്റകെട്ടായി നില്‍ക്കണം: കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍

രാജ്യത്തിന്റെ പുരോഗതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളും മുതിര്‍ന്നവരും കൂട്ടായി പ്രവര്‍ത്തിക്കണമെന്ന് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍. പി.എം.ജെ.വി.കെ (പ്രധാന്‍മന്ത്രി ജന്‍വികാസ് കാര്യക്രം) പദ്ധതിയിലൂടെ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നിലമ്പൂര്‍ അമല്‍ കോളെജിന് അനുവദിച്ച നൈപുണ്യവികസന കേന്ദ്രത്തിന്റെയും, വനിതാ ഹോസ്റ്റല്‍ കെട്ടിടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും സ്ത്രീ ശാക്തീകരണ പദ്ധതികള്‍ക്കും സര്‍ക്കാര്‍ തുടക്കം കുറിച്ചിട്ടുണ്ട്. എല്ലാ രീതിയിലുള്ള വികസനത്തിനു വേണ്ടി പി.എം.ജെ.വി.കെ ഫണ്ട് വിനിയോഗിക്കണം. രാജ്യം വികസനത്തിന്റെ പാതയിലാണ്. 2047 ല്‍ ഇന്ത്യ വികസിത രാജ്യമാകണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീക്ഷണം യുവാകള്‍ക്ക് വേണ്ടിയുള്ളതാണ്-അദ്ദേഹം പറഞ്ഞു.

 

കുറഞ്ഞ വികസനമുള്ള മേഖലകളില്‍ ഗുണമേന്മയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിച്ച് വിദ്യാഭ്യാസവും നൈപുണ്യ വികസനവും പ്രോത്സാഹിപ്പിക്കുകയും, ന്യൂനപക്ഷ കേന്ദ്രീകൃത മേഖലകളില്‍ സമഗ്ര വികസനം ഉറപ്പാക്കുകയുമാണ് പി.എം.ജെ.വി.കെ പദ്ധതി ലക്ഷ്യമിടുന്നത്. 60% കേന്ദ്ര ഫണ്ടും 40% സംസ്ഥാന സര്‍ക്കാര്‍ ഫണ്ടു ഉപയോഗിച്ചാണ് പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്.

 

7.92 കോടി രൂപ ചെലവിലാണ് നൈപുണ്യ വികസന കേന്ദ്രത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. സെമിനാര്‍ ഹാള്‍, ഇലക്ട്രോണിക്സ് ലാബ്, സര്‍വേ ആന്‍ഡ് ജിപിഎസ് ലാബ്, ഐ.ടി ലാബ്, കൗണ്‍സിലിംഗ് റൂം, സ്റ്റോര്‍ റൂമുകള്‍, വനിതകള്‍ക്കായി വിശ്രമമുറി, ഭിന്നശേഷി സൗഹൃദ ശൗചാലയം, ജനറേറ്റര്‍ റൂം, പൊതുവായ ശൗചാലയങ്ങള്‍, യൂറിനലുകള്‍, വാഷ് ഏരിയകള്‍, പ്രോജക്റ്റ്-ഇന്നൊവേറ്റീവ് സെന്ററുകള്‍, ലോജിസ്റ്റിക്‌സ് ലാബ്, ഇലക്ട്രിക്കല്‍ ലാബ്, പരിശീലന കേന്ദ്രങ്ങള്‍ അധ്യാപകരുടെയും മേധാവികളുടെയും മുറികള്‍, യോഗ സെന്റര്‍, പ്ലംബിംഗ് ലാബ്, ലാംഗ്വേജ് ലാബ് തുടങ്ങിയ സൗകര്യങ്ങളാണ് സ്‌കില്‍ സെന്ററിലുള്ളത്.

 

9.97 കോടി ചെലവിലാണ് ഗേള്‍സ് ഹോസ്റ്റല്‍ നിര്‍മിച്ചിരിക്കുന്നത്. ഡിഗ്രി പഠിതാക്കള്‍ക്ക് 156 കിടക്കകള്‍, പി.ജി പഠിതാക്കള്‍ക്ക് 48 കിടക്കകള്‍, ഡോര്‍മിറ്ററിയില്‍ 12 കിടക്കകള്‍, മെട്രണ്‍ മുറി, വിശാലമായ സ്റ്റുഡന്റ് റൂമുകള്‍, ഡൈനിംഗ് ഹാള്‍, അടുക്കള, ജിം, മള്‍ട്ടിപര്‍പ്പസ് ഹാള്‍, ഓഫീസ്, യൂട്ടിലിറ്റി ഏരിയകള്‍, ശൗചാലയങ്ങള്‍, യൂറിനലുകള്‍, വാഷ് ഏരിയകള്‍ തുടങ്ങി നിരവധി ആധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

 

പി.കെ. ബഷീര്‍ എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ പി.വി. അബ്ദുല്‍ വഹാബ് എം.പി, ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, കോളേജ് പ്രിന്‍സിപ്പല്‍ ഡോ.കെ.പി മുഹമ്മദ് ബഷീര്‍, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ സന്തോഷ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ സബിന്‍ സമീദ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ എ കരീം, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷെറോണ റോയ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാത്തുമ്മ ഇസ്മായില്‍, പി ദേവരാജന്‍, കെ.വിശ്വനാഥന്‍, സഹില്‍ അകമ്പാടം, ജോസഫ് എന്നിവര്‍ പങ്കെടുത്തു.