Fincat

ഡല്‍ഹി ഭരിച്ച ഏക വനിതാ മുസ്ലിം ഭരണാധികാരിയെ പുറത്താക്കി എന്‍സിഇആര്‍ടി പാഠപുസ്തകം; നൂര്‍ജഹാനും വെട്ട്


ന്യൂഡല്‍ഹി: ഡല്‍ഹി ഭരിച്ച റസിയ സുല്‍ത്താന്റെയും മുഗള്‍ കാലഘട്ടത്തിലെ നൂര്‍ ജഹാന്റെയും ചരിത്രം ഒഴിവാക്കി എന്‍സിഇആര്‍ടി.ഈ വര്‍ഷം പുതുക്കിയ എട്ടാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം പാഠപുസ്തകത്തില്‍ നിന്നാണ് പാഠഭാഗം ഒഴിവാക്കിയത്. നേരത്തെ ഏഴാം ക്ലാസിലെ പാഠപുസ്തകത്തിലാണ് ഡല്‍ഹി സുല്‍ത്താനേറ്റിനെ കുറിച്ചും മുഗള്‍ കാലഘട്ടത്തെക്കുറിച്ചും പഠിപ്പിച്ചിരുന്നത്. എന്നാല്‍ പുതിയ ഏഴാം ക്ലാസ് പാഠപുസ്തകത്തില്‍ 12ാം നൂറ്റാണ്ടിന് മുമ്ബുവരെയുള്ള കാലത്തെക്കുറിച്ചാണ് പഠിപ്പിക്കുന്നത്. നിലവില്‍ ഡല്‍ഹി സുല്‍ത്താനേറ്റിനെ കുറിച്ചും മുഗള്‍ കാലഘട്ടത്തെക്കുറിച്ചും പഠിപ്പിക്കുന്നത് എട്ടാം ക്ലാസിലാണ്. ഈ പാഠപുസ്തകത്തിലാണ് ചരിത്ര വനിതകളെ ഒഴിവാക്കിയിരിക്കുന്നത്.

പഴയ പാഠപുസ്തകത്തില്‍ ഡല്‍ഹി സുല്‍ത്താനേറ്റ് കാലഘട്ടത്തെ കുറിച്ചും മുഗള്‍ കാലഘട്ടത്തെക്കുറിച്ചും രണ്ട് അധ്യായങ്ങളായിരുന്നു ഉണ്ടായത്. ഡല്‍ഹി ഭരിച്ച ഏക വനിതാ മുസ്‌ലിം ഭരണാധികാരിയും, സുല്‍ത്താന്‍ ഇല്‍തുത്മിഷിന്റെ മകളുമായ റസിയ സുല്‍ത്താന് വേണ്ടി മാത്രം ഒരു ഭാഗം ഈ പാഠഭാഗത്ത് മാറ്റിവെച്ചിരുന്നു. എന്നാല്‍ ഈ ഭാഗമാണ് ഇപ്പോള്‍ പൂര്‍ണമായും ഒഴിവാക്കിയിരിക്കുന്നത്.

പഴയ പാഠപുസ്തകത്തില്‍ 1236 മുതല്‍ 1240 വരെയുള്ള കാലത്ത് ഡല്‍ഹിയുടെ ഭരണാധികാരിയായി മാറിയ റസിയയെ അവരുടെ എല്ലാ സഹോദരന്മാരേക്കാളും യോഗ്യയും കഴിവുള്ളവളുമായാണ് അവതരിപ്പിച്ചത്. പുതിയ എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍ ‘Reshaping India s Political Map’ എന്ന അധ്യായം രണ്ടിലാണ് ഈ കാലഘട്ടങ്ങളെ കുറിച്ച്‌ പഠിക്കാനുള്ളത്. എന്നാല്‍ ഈ ഭാഗത്ത് ആ സമയങ്ങളിലെ ഒരു വനിതാ അധികാരികളെ കുറിച്ചോ, രാജ്ഞിമാരെ കുറിച്ചോ പ്രതിപാദിക്കുന്നില്ല.

സമാനരീതിയിലാണ് ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ ഭാര്യ നൂര്‍ ജഹാന്റെ പേരില്‍ വെള്ളി നാണയങ്ങളുണ്ടാക്കിയതും സീലുകളുണ്ടാക്കിയതും അവര്‍ക്ക് ജഹാംഗീര്‍ കൊട്ടാരത്തിലുണ്ടായിരുന്ന സ്വാധീനത്തെ കുറിച്ചുമുള്ള ഭാഗങ്ങളും ഒഴിവാക്കിയത്. മുഗള്‍ കാലത്തെക്കുറിച്ച്‌ പറയുന്ന അധ്യായത്തില്‍ ഇപ്പോള്‍ ഗര്‍ഹ രാജവംശത്തിലെ രാജ്ഞി റാണി ദുര്‍ഗാവദിയുടെ പാഠഭാഗമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1564ല്‍ തന്റെ രാജ്യം ആക്രമിക്കാനുള്ള മുഗള്‍ ചക്രവര്‍ത്തി അക്ബറിന്റെ ശ്രമത്തിനെതിരെ ധൈര്യത്തോടെ തന്റെ സേനയെ നയിച്ചവളെന്നാണ് ഈ ഭാഗത്ത് സൂചിപ്പിച്ചിരിക്കുന്നത്. കൂടാതെ മൂന്നാം അധ്യായത്തില്‍ താരാഭായ്, ആലിയാഭായ് ഹോള്‍ക്കര്‍ എന്നിവരുടെ ഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം ഇന്ത്യയിലെ കൊളോണിയല്‍ കാലഘട്ടം എന്ന പാഠഭാഗത്ത് നിന്നും ടിപ്പു സുല്‍ത്താനെ മൈസൂരിന്റെ കടുവ എന്ന വിശേഷിപ്പിച്ച ഭാഗവും എടുത്തുകളഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ പിതാവ് ഹൈദര്‍ അലിയെ കുറിച്ചുള്ള ഭാഗവും കളഞ്ഞിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടില്‍ ടിപ്പുവും ബ്രിട്ടീഷുകാരും തമ്മിലുണ്ടായ ആഗ്ലോ-മൈസൂര്‍ യുദ്ധവും നീക്കം ചെയ്തിട്ടുണ്ട്. എന്നാല്‍ 1775 മുതല്‍ 1818 വരെയുള്ള ആംഗ്ലോ-മറാത്ത യുദ്ധത്തിന് വലിയ പ്രാധാന്യം നല്‍കിയിട്ടുമുണ്ട്. മറാത്താ സാമ്രാജ്യത്തിനായി മാത്രം ഒരു അധ്യായം മാറ്റിവെച്ചിട്ടുണ്ട്. എന്‍ഇപിയുടെ അടിസ്ഥാനത്തില്‍ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളാണ് പുതിയതെന്നാണ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിന്റെ എന്‍സിഇആര്‍ടി കരിക്കുലര്‍ ഏരിയ ഗ്രൂപ്പ് തലവന്‍ മൈക്കിള്‍ ഡാനിനോ പറഞ്ഞു.