ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം; അടുത്ത മൂന്നുദിവസവും ശക്തമായ മഴ തുടരും
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം മാത്രം മഴക്കെടുതിയിൽ മരിച്ചത് 18 പേരാണ്. ഗംഗാനദി കരകവിഞ്ഞൊഴുകുകയാണ്. സമീപപ്രദേശങ്ങളിൽ പ്രളയസമാന സാഹചര്യമാണ് നിലനിൽക്കുന്നത്. ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരണം 116 ആയി. 1230 കോടി രൂപയുടെ നാശനഷ്ടങ്ങൾ സംസ്ഥാനത്തുണ്ടായതായാണ് സർക്കാർ കണക്കുകൾ.
രാജസ്ഥാനിലും ശക്തമായ മഴ തുടരുന്നു. അജ്മീറിൽ കുടുങ്ങിക്കിടന്ന 176 പേരെ എസ്ഡിആർഎഫ് രക്ഷപ്പെടുത്തി. ഉത്തരാഖണ്ഡിലും കനത്ത മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പല ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്നുദിവസം കൂടി ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.