Fincat

‘എന്റെ മോനെ തൊടുന്നോടാ?’, ‘ഹൃദയ’ത്തിലെ കോളറ് പിടുത്തത്തിന് ‘ഹൃദയപൂര്‍വ്വ’ത്തില്‍ മറുപടി, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മലയാള സിനിമയിലെ എവര്‍ക്ലാസിക് കോംബോ എന്ന് വിളിക്കാവുന്ന മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക് ഈ സിനിമയ്ക്ക് മേല്‍ ഉള്ളത്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഇതിന് പിന്നാലെ ടീസറിലെ സംഗീത് പ്രതാപിന്റെ സീനുകള്‍ വൈറലാകുകയാണ്. സംഗീത് പ്രതാപിന്റെ കോളറിന് കുത്തിപിടിച്ചാല്‍ പടങ്ങള്‍ ഹിറ്റാകുമോ എന്നാണ് രസകരമായ കമന്റുകളിലൂടെ ഉദാഹരങ്ങള്‍ നിരത്തി സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

സംഗീതിന്റെ ഹിറ്റ് ചിത്രമായ പ്രേമലുവില്‍ നായകനായ നസ്ലെന്‍ ഷര്‍ട്ടില്‍ പിടിച്ചിട്ട് ‘ഇനി നടക്കപോറത് യുദ്ധം’ എന്ന് പറയുന്ന സീനുണ്ട്. ഇതിനോട് സാമ്യമുള്ള ഒരു സീന്‍ ഹൃദയപൂര്‍വ്വം ടീസറില്‍ ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് പ്രേക്ഷകര്‍. ഇത് മാത്രമല്ല വിനീത് ശ്രീനിവാസന്‍ സംവിധാനത്തില്‍ എത്തിയ ഹൃദയം സിനിമയില്‍ പ്രണവ് മോഹന്‍ലിന്റെ കോളറിന് സംഗീത് പിടിക്കുന്ന സീനും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

സംഗീത് പ്രണവിന്റെ കോളറിന് പിടിക്കുന്ന ചിത്രവും മോഹന്‍ലാല്‍ സംഗീതിനെ തിരിച്ച് പിടിക്കുന്ന ചിത്രവും പങ്കുവെച്ച് ‘നീ എന്റെ മകനെ തൊടുന്നോടാ…’ ,’ഇപ്പോള്‍ സമാ സമം’, തുടങ്ങി നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. ‘ഹൃദയ’ത്തിലെ കോളറ് പിടുത്തത്തിന് ‘ഹൃദയപൂര്‍വ്വ’ത്തില്‍ മറുപടി എന്നും, ആദ്യം മകനൊപ്പം ഇപ്പോഴിതാ അച്ഛനൊപ്പം ഫുള്‍ മൂവിയില്‍ അഴിഞ്ഞാട്ടം എന്നാണ് ആരാധകര്‍ കുറിക്കുന്നത്.

ഹൃദയത്തില്‍ പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ സീനിയര്‍ വേഷമാണ് സംഗീത് സിനിമയില്‍ അവതരിപ്പിച്ചത്. ഇരുവരുടെയും ചെറിയ ഫൈറ്റ് സീനിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. അതുമാത്രമല്ല, മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രമായ തുടരുമിലും സംഗീത് മോഹന്‍ലാലിനൊപ്പം സ്‌ക്രീന്‍ പങ്കിട്ടിരുന്നു. ഏതാനും മിനിറ്റുകള്‍ മാത്രം ഒതുങ്ങുന്ന സീന്‍ ആയിരുന്നെങ്കിലും ഇരുവരുടെയും കോംബോ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ആ വൈബ് ഹൃദയപൂര്‍വത്തിലും ലഭിക്കുമെന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.

സത്യന്‍ അന്തിക്കാട് ശൈലിയിലുള്ള ഒരു പക്കാ ഫണ്‍ ഫാമിലി ചിത്രമായിരിക്കും ഹൃദയപൂര്‍വ്വം എന്ന ഫീലാണ് ടീസര്‍ നല്‍കുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലിന്റെ ഒരു എന്റര്‍ടെയ്‌നര്‍ പടമാകും ഇതെന്ന ഉറപ്പും ടീസര്‍ നല്‍കുന്നുണ്ട്. ആഗസ്റ്റ് 28 ന് ഓണം റിലീസായി ഹൃദയപൂര്‍വ്വം തിയേറ്ററിലെത്തും. സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വ്വം. വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക് ഈ സിനിമയ്ക്ക് മേല്‍ ഉള്ളത്. ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന അപ്ഡേറ്റുകള്‍ എല്ലാം ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്.

ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015-ല്‍ പുറത്തിറങ്ങിയ ‘എന്നും എപ്പോഴും’ എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്.