സ്ത്രീ വീട്ടില്‍ ചെയ്യുന്ന ജോലി ഓഫീസില്‍ ഭര്‍ത്താവിന്റെ ജോലിക്ക് തുല്യമാണ്; സുപ്രീംകോടതി

ഒരു സ്ത്രീ ശരാശരി 299 മിനിറ്റ് അടുക്കളയില്‍ ചെലവാക്കുന്നുണ്ടെന്നാണ് കണക്ക്.

ന്യൂഡൽഹി: സ്ത്രീ വീട്ടില്‍ ചെയ്യുന്ന ജോലി ഓഫീസില്‍ ഭര്‍ത്താവിന്റെ ജോലിക്ക് തുല്യമാണെന്നും ഒട്ടും താഴെയല്ലെന്നും സുപ്രീംകോടതി. 2014ല്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികള്‍ മരിച്ച കേസ് പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. 11.20 ലക്ഷത്തിന് 33.20 ലക്ഷവും അതിന്റെ 9 ശതമാനം പലിശയും മരിച്ചയാളുടെ പിതാവിന് നല്‍കാന്‍ ഉത്തരവിട്ടു. വീട്ടുജോലി നഷ്ടപരിഹാരത്തിനുള്ള മാനദണ്ഡമായി കണക്കാക്കിയാണ് കോടതി ഉത്തരവ്. ജസ്റ്റിസ് രമണ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരാണ് കേസ് പരിഗണിച്ചത്.

2011ലെ സെന്‍സസ് പ്രകാരം 159.85 ദശലക്ഷം സ്ത്രീകളാണ് ജോലി വീട്ടുജോലിയാണെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഒരു സ്ത്രീ ശരാശരി 299 മിനിറ്റ് അടുക്കളയില്‍ ചെലവാക്കുന്നുണ്ടെന്നാണ് കണക്ക്. വീടുകളിലെ മറ്റുള്ളവരെ പരിചരിക്കാനായി 134 മിനിറ്റും സ്ത്രീ ചെലവഴിക്കുന്നുണ്ട്. ഒരു സ്ത്രീയുടെ സമയത്തില്‍ ശരാശരി 19 ശതമാനവും പ്രതിഫലമില്ലാത്ത ജോലിക്ക് വേണ്ടി ചെവവാക്കുകയാണ്. ഗ്രാമീണ മേഖലയില്‍ ഈ സമയം വര്‍ധിക്കും. വീട്ടുജോലിക്ക് പുറമെ, കാര്‍ഷിക ജോലിയിലും കുടുംബത്തെ സഹായിക്കാന്‍ സ്ത്രീ സമയം ചെലവാക്കുന്നു എന്നും സുപ്രീംകോടതി വ്യക്തമാക്കി.