ഹൈദരാബാദ്: ഭർതൃപീഡനം ആരോപിച്ച് 24-കാരി ജീവനൊടുക്കി. സ്വകാര്യ കോളേജ് അധ്യാപികയായ ശ്രീവിദ്യ(24)യാണ് ആത്മഹത്യ ചെയ്തത്.ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയിലെ കലവപമുല ഗ്രാമത്തിലാണ് സംഭവം. ആറുമാസം മുൻപായിരുന്നു രാംബാബു എന്നയാളുമായി ശ്രീവിദ്യയുടെ വിവാഹം നടന്നത്. വില്ലേജ് സർവേയറാണ് രാംബാബു.
വിവാഹം കഴിഞ്ഞ് ഒരുമാസമായപ്പോള്‍ മുതല്‍ രാംബാബുവില്‍നിന്ന് പീഡനം അനുഭവിക്കേണ്ടി വന്നിരുന്നതായി ശ്രീവിദ്യയുടെ ആത്മഹത്യക്കുറിപ്പിലുണ്ട്. താൻ അനുഭവിച്ചിരുന്ന പീഡനങ്ങളേക്കുറിച്ച് ശ്രീവിദ്യ കത്തില്‍ വ്യക്തമാക്കുന്നുണ്ട്.
മദ്യപിച്ച് വീട്ടിലെത്തുന്ന രാംബാബു, ശാരീരികമായി ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. തന്നെ അപഹസിക്കുകയും മറ്റൊരു സ്ത്രീയുടെ മുന്നില്‍വെച്ച് ഒന്നിനുംകൊള്ളാത്തവളെന്ന് പരിഹസിക്കുകയും ചെയ്തു. തല ഇടിപ്പിക്കുകയും മുതുകില്‍ മർദിക്കുകയും ചെയ്തിരുന്നെന്നും ശ്രീവിദ്യയുടെ കുറിപ്പിലുണ്ട്. ഇത്തവണ രാഖി കെട്ടാൻ താനുണ്ടാവില്ലെന്ന് സഹോദരനോട് ശ്രീവിദ്യ കുറിപ്പില്‍ പറയുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)