Fincat

SI അമീൻസാറ് മിടുക്കനാണെന്ന് പ്രശംസ; ആരും കള്ളനായി ജനിക്കുന്നില്ല, സാഹചര്യമാണ് പ്രശ്നമെന്നും മോഷ്ടാവ്


കൊല്ലം: തെന്മല പോലീസ് സ്റ്റേഷൻ പരിധിയില്‍ മലഞ്ചരക്ക് സാധനങ്ങളും പണവും മോഷ്ടിച്ചതിന് പിടിയിലായ കള്ളന്റെ ‘വാചകക്കസർത്ത്’ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.കഴിഞ്ഞ ആഴ്ചയാണ് ഇടമണ്‍ എല്‍പിസ്കൂളിനു സമീപമുളള കടയില്‍നിന്ന് 85,000 രൂപയും 250 കിലോ ഉണക്കകുരുമുളകും 70 കിലോ കൊട്ടപ്പാക്കും മോഷണം പോയത്. തുടർന്ന് പുനലൂർ, ചാച്ചിപുന്ന സ്വദേശികളായ മുകേഷ്, ശ്രീജിത്ത്, അനി, ബിജു എന്നിവർ പൊലീസിൻെറ പിടിയിലായിരുന്നു. കഴിഞ്ഞദിവസം മോഷ്ടാക്കളെ തെളിവെടുപ്പിനായി സ്ഥലത്തെത്തിച്ചപ്പോഴാണ് മോഷണസംഭവത്തില്‍ നേതാവായ മുകേഷിന്റെ വാചകകസർത്തു’ണ്ടായത്.
ജീപ്പിലെത്തിച്ച പ്രതിയോട് മോഷണവിവരത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ … മുഖം മറച്ചാണ് മോഷണം നടത്തിയതെന്നും എന്നാല്‍ പിടിയിലായത് എസ്‌ഐ അമീൻ സാറിന്റെ മിടുക്കാണെന്നും പറയുന്നുണ്ട്. എറിയാൻ അറിയാവുന്നവന്റെ കയ്യില്‍ വടികൊടുത്താല്‍ കാര്യങ്ങള്‍ കൃത്യമാണെന്നും മോഷ്ടിച്ചതിന്റെ കുറ്റബോധമില്ലാതെ പ്രതി പ്രതികരിച്ചത്. ‘ആരും കള്ളനായി അമ്മയുടെ വയറ്റില്‍നിന്ന് ജനിക്കുന്നില്ലെന്നും സാഹചര്യമാണ് കള്ളനാക്കുന്നതെന്നും കള്ളൻ ചിരിയോടെ പറയുന്നത് ദൃശ്യങ്ങളില്‍ കാണാം. കള്ളന്മാർ കൊട്ടപ്പാക്കുമാത്രമല്ല എന്തുകിട്ടിയാലും മോഷ്ടിക്കുമെന്നും തുറന്നു പറഞ്ഞു.
ചോദ്യം നീണ്ടപ്പോള്‍… ഫോണ്‍ നമ്ബർ തരാമെന്നും ജയിലില്‍നിന്ന് ഇറങ്ങാൻനേരം വന്നാല്‍ വിശദമായി കാര്യങ്ങള്‍ പറയാമെന്നും ചെറുചിരിയോടെ ജീപ്പിനുള്ളിലിരുന്ന് മോഷ്ടാവിന്റെ പ്രതികരണം.
മോഷണസംഭവത്തില്‍ താനാണ് പ്രധാനിയെന്നും മറ്റുള്ളവരെല്ലാം സഹായികളാണെന്നുമുള്ള ഏറ്റുപറച്ചിലുമുണ്ടായി. മലഞ്ചരക്ക് കടകളിലാണ് പ്രധാനമായും മുകേഷിന്റെ മോഷണശ്രമങ്ങളെന്നും ഇത്തരം കടകളില്‍നിന്ന് മോഷ്ടിച്ചതിനുശേഷം മലഞ്ചരക്കെടുക്കുന്ന മറ്റുകടകളില്‍ കുറേശ്ശെയായി വില്‍പന നടത്തുകയും ചെയ്യുന്നതാണ് ശീലമെന്നും പോലീസ് പറയുന്നു. മുൻപും തെന്മല പോലീസ് സ്റ്റേഷൻ പരിധിയില്‍ മുകേഷ് മോഷണശ്രമത്തില്‍ പിടിയിലായതായി പോലീസ് കൂട്ടിച്ചേർത്തു.
സംഭവദിവസത്തെ സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ പരിശോധിച്ചാണ് എസ്‌ഐ അമീൻ, സിപിഒമാരായ രഞ്ജിത്ത്, അഭിജിത്ത്, മണ്‍സൂർ, അജിത്ത്,യുകെ.വിഷ്ണു എന്നിവരുള്‍പ്പെട്ട സംഘം പ്രതികളിലേക്കെത്തിയത്.