ഉത്തരകാശി: ഉത്തരാഖണ്ഡിലെ ധരാലിയിലുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ടവർക്കുവേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരുന്നു.മരണസംഖ്യ അഞ്ചായി ഉയർന്നു. ബുധനാഴ്ച ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തി. നൂറിലധികം പേരെ കാണാനില്ല. ഇന്ത്യൻ സൈന്യം, എസ്ഡിആർഎഫ്, പോലീസ് ഉള്‍പ്പെടെയുള്ളവർ രക്ഷാപ്രവർത്തനത്തില്‍ ഏർപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതുവരെ 190-ഓളം പേരെ രക്ഷപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചു. സംസ്ഥാനത്തുടനീളം ശക്തമായ മഴമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുന്നിൻപ്രദേശങ്ങളില്‍ താമസിക്കുന്നവർക്ക് പ്രത്യേക ജാഗ്രതാ നിർദേശം നല്‍കി.
പ്രദേശത്ത് കനത്ത മഴതുടരുന്നതും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ട്. ഹർസില്‍ പ്രദേശത്ത് 11 സൈനികരെയും കാണാനില്ല. മുഖ്യമന്ത്രി ബുധനാഴ്ച രാവിലെയോടെത്തന്നെ സംഭവസ്ഥലെത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കുന്നതിനായി ആകാശയാത്ര നടത്തി. കാണാതായവരുടെ ബന്ധുക്കളെ സന്ദർശിച്ചു. രക്ഷാപ്രവർത്തനത്തിനായി വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് അവർക്ക് ഉറപ്പുനല്‍കി. 160-ഓളം പോലീസുകാർ, ഹെലിക്കോപ്ടർ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ രക്ഷാപ്രവർത്തനത്തിനായുണ്ട്. കാലാവസ്ഥ അനുകൂലമായാല്‍ ഉടൻതന്നെ ഹെലിക്കോപ്ടറുകള്‍ ഉപയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഖീർ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്തുണ്ടായ മേഘവിസ്ഫോടനമാണ് മിന്നല്‍പ്രളയത്തിനും മണ്ണിടിച്ചിലിനും വഴിവെച്ചതെന്നായിരുന്നു റിപ്പോർട്ടുകള്‍. എന്നാല്‍ മേഘവിസ്ഫോടനം എന്ന് വിശേഷിപ്പിക്കാൻ പര്യാപ്തമായ മഴ പ്രദേശത്ത് ചൊവ്വാഴ്ച ലഭിച്ചിട്ടില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മേഘവിസ്ഫോടനം നടന്നതായുള്ള സൂചനയില്ലെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ശാസ്ത്രജ്ഞനായ രോഹിത് താപ്ലിയാല്‍ പറഞ്ഞു. 27 മില്ലീമീറ്റർ മഴ മാത്രമാണ് ചൊവ്വാഴ്ച ലഭിച്ചത്. ഇത് ഇത്രമേല്‍ ആഘാതം തീർക്കുന്ന ഒരു മിന്നല്‍ പ്രളയ്തതിന് കാരണമാകില്ലെന്ന് രോഹിത് വ്യക്തമാക്കി. പിന്നെന്താണ് കാരണമെന്ന ചോദ്യത്തിന്, അത് കണ്ടെത്തേണ്ടതുണ്ടെന്ന് അദ്ദേഹം മറുപടിനല്‍കി.
ഉത്തരകാശി ജില്ലയിലെ ധരാലിയിലും സുഖിടോപ്പിലും ചൊവ്വാഴ്ച ഉച്ചയോടെയാണ് മിന്നല്‍ പ്രളയവും മണ്ണിടിച്ചിലുമുണ്ടായത്. നിരവധി പേർ ദുരന്തത്തില്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. പ്രദേശത്ത് ഇരുപത് ഹോട്ടലുകളും ഹോംസ്റ്റേകളും വീടുകളുമുണ്ടായിരുന്നു. ഇവയൊന്നാകെ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഒലിച്ചുപോയി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ എന്നിവർ മുഖ്യമന്ത്രി പുഷ്കർ ധാമിയെ വിളിച്ച് കേന്ദ്രത്തിന്റെ മുഴുവൻ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
തെങ്ങ് കടപുഴകിവീണ് 30-കാരിക്ക് ദാരുണാന്ത്യം; അപകടം മുറ്റത്തുനിന്ന് കുഞ്ഞിന് ഭക്ഷണംനല്‍കുന്നതിനിടെ
Next Post