നടന്‍ വിനായകനെതിരെ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. വിനായകന്‍ ഒരു പൊതു ശല്യമായി മാറുന്നുവെന്ന് ഷിയാസ് പറഞ്ഞു. സര്‍ക്കാര്‍ പിടിച്ചു കെട്ടി കൊണ്ടുപോയി ചികിത്സിക്കണമെന്നും അദ്ദേഹം പറഞ്ഞു. താമസിക്കുന്ന സ്ഥലത്ത് പോലും വിനായകന്‍ പ്രശ്‌നമുണ്ടാക്കിയിട്ടുണ്ടെന്നും ഷിയാസ് കൂട്ടിച്ചേര്‍ത്തു.
‘ശക്തമായ നിയമ നടപടി സ്വീകരിക്കണം. എല്ലാം ചെയ്തു കഴിഞ്ഞിട്ട് സോറി പറഞ്ഞിട്ട് കാര്യമില്ല. സമൂഹത്തിന് ശല്യമാകുന്നവരെ ജനം തെരുവില്‍ നേരിടേണ്ട അവസ്ഥയാകും. ലഹരിക്കേസുകളില്‍പ്പെടുന്ന താരങ്ങള്‍ക്ക് വലിയ പരിരക്ഷയാണ് സര്‍ക്കാരും പൊതുസമൂഹവും നല്‍കുന്നത്. അവരെ ആരാധിക്കുന്നവര്‍ക്ക് തെറ്റായ സന്ദേശം നല്‍കും. തനിക്ക് തെറ്റുപറ്റിയതായി വേടന്‍ ഏറ്റു പറഞ്ഞു. എന്നാല്‍ എത്രപേര്‍ക്ക് അതിന് കഴിയും. സിനിമാ മേഖലയിലുള്ളവര്‍ ഗൗരവമായി ചിന്തിക്കേണ്ടതാണ്’, ഷിയാസ് പറഞ്ഞു.
അടൂര്‍ ഗോപാലകൃഷ്ണനെയും യേശുദാസിനെയും അധിക്ഷേപിച്ച് കൊണ്ട് വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. എന്നാല്‍ ഇന്ന് മാപ്പ് പറഞ്ഞ് വിനായകന്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ മാധ്യമങ്ങളെ അധിക്ഷേപിച്ച് വിനായകന്‍ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദനെയും ഉമ്മന്‍ചാണ്ടിയെയും അധിക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിട്ടെന്നാരോപിച്ച് നേരത്തെ വിനായകനെതിരെ പൊലീസില്‍ പരാതിയുണ്ടായിരുന്നു. യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ പ്രസിഡണ്ട് സിജോ ജോസഫാണ് പരാതി നല്‍കിയത്.