തിരുവനന്തപുരം : ബിഹാറില്‍ നടപ്പാക്കി വിവാദമായ വോട്ടർപട്ടിക പരിഷ്കരണം കേരളത്തിലും ഉടനുണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് എല്ലാസംസ്ഥാനങ്ങളിലും പട്ടിക പരിഷ്കരിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം കാത്തിരിക്കുകയാണ് കേരളം. വീഴ്ചകള്‍ ഒഴിവാക്കി കൂടുതല്‍ കരുതലോടെയായിരിക്കും കേരളത്തിലെ നടപടികള്‍. പരിഷ്കരണം സംബന്ധിച്ച് കമ്മിഷനില്‍നിന്ന് നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പിനു മുൻപ് പുതുക്കലുണ്ടാകുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേല്‍ക്കർ പറഞ്ഞു. പുതുക്കലിന് മാർഗരേഖയിറക്കും.
വോട്ടർപട്ടിക സമഗ്രപരിഷ്കരണം; എന്യൂമറേഷനുള്ള അപേക്ഷാഫോറം വീടുകളില്‍ എത്തിക്കും
നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള വോട്ടർപട്ടിക പരിഷ്കരണത്തിന് അടിസ്ഥാനമാക്കുക 2002-ലെ പട്ടിക. കേരളത്തില്‍ അവസാനമായി സമഗ്രപരിഷ്കരണം നടന്നത് ഈ വർഷമാണ്. പട്ടിക പുതുക്കാൻ എന്യൂമറേഷനുള്ള അപേക്ഷാഫോറം ബൂത്ത് ലെവല്‍ ഓഫീസർമാർ വീടുകളിലെത്തിക്കും.
കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ പൊതുമേഖലാജീവനക്കാർക്കും പെൻഷൻകാർക്കും നല്‍കുന്ന തിരിച്ചറിയല്‍കാർഡ്, 1987 ജൂലായ് ഒന്നിനുമുൻപ് സർക്കാർ/ തദ്ദേശസ്ഥാപനങ്ങള്‍, ബാങ്ക്, എല്‍ഐസി, പൊതുമേഖലാസ്ഥാപനം നല്‍കിയ ഏതെങ്കിലും തിരിച്ചറിയല്‍കാർഡ്, ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, അംഗീകൃത ബോർഡുകളോ സർവകലാശാലകളോ നല്‍കിയ പത്താംതരം, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകള്‍, സ്ഥിരതാമസക്കാരനാണെന്ന സംസ്ഥാനത്തെ ഉത്തരവാദപ്പെട്ട അതോറിറ്റിയുടെ സർട്ടിഫിക്കറ്റ്, വനാവകാശ സർട്ടിഫിക്കറ്റ്, ഒബിസി, എസ്സി/എസ്ടി സർട്ടിഫിക്കറ്റ് അല്ലെങ്കില്‍ ജാതി സർട്ടിഫിക്കറ്റ്, ദേശീയ പൗരത്വപട്ടിക(എൻആർസി), സംസ്ഥാന സർക്കാരോ തദ്ദേശസ്ഥാപനങ്ങളോ തയ്യാറാക്കിയ കുടുംബ രജിസ്റ്റർ, സർക്കാർ നല്‍കുന്ന ഭൂമി/ ഭവന കൈമാറ്റസർട്ടിഫിക്കറ്റ് എന്നിവയാണ് ബിഹാറില്‍ നേറ്റിവിറ്റി സർട്ടിഫിക്കറ്റായി അംഗീകരിച്ച രേഖകള്‍. കേരളത്തിലും ഇതെല്ലാം പരിഗണിക്കാനാണ് സാധ്യത.