തൃശ്ശൂരില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. മണ്ഡലത്തിൽ അറുപതിനായിരത്തോളം കള്ളവോട്ടുകള്‍ ചേര്‍ക്കപ്പെട്ടുവെന്നും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേഷ് ഗോപി എംപി രാജിവെക്കണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു.
‘വ്യാപകമായി കള്ളവോട്ട് ചേര്‍ക്കുന്നുവെന്ന പരാതി തിരഞ്ഞെടുപ്പിന് മുന്‍പും ശേഷവും ഉണ്ടായിരുന്നു. മുപ്പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയില്‍ വോട്ട് ചേര്‍ന്നുകാണാനാണ് സാധ്യതയെന്നാണ് സുരേഷ് ഗോപിക്കെതിരായ ബിജെപി കേന്ദ്രങ്ങളില്‍ നിന്നുതന്നെ പറയുന്നത്. തൃശ്ശൂരില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചെയ്യേണ്ടത്. സത്യസന്ധമായ വോട്ടര്‍ പട്ടിക തയ്യാറാക്കണം. മാധ്യമങ്ങളെയും ജനങ്ങളെയും അഭിമുഖീകരിക്കാതെ ഭയന്നുകടക്കുകയാണ് സുരേഷ് ഗോപി. ജനാധിപത്യത്തെ സംരക്ഷിക്കാനായി കള്ളവോട്ടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സുരേഷ് ഗോപി രാജിവെച്ച് അടുത്ത തെരഞ്ഞെടുപ്പിനെ താല്‍പര്യമുണ്ടെങ്കില്‍ നേരിടുകയാണ് ചെയ്യേണ്ടത്’, വി ശിവന്‍കുട്ടി പറഞ്ഞു.
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തിരുവനന്തപുരം കോര്‍പ്പറേഷനിലും സുരേഷ് ഗോപി മോഡല്‍ വോട്ട് ചേര്‍ക്കല്‍ നടന്നുവെന്നും വി ശിവൻകുട്ടി പറഞ്ഞു. വോട്ടര്‍പ്പട്ടികയിലെ ഇത്തരം വലിയ മറിമായം കേരളം ഇതുവരെ കണ്ടിട്ടില്ല. സുരേഷ് ഗോപിക്ക് നാണമില്ലേ? തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി കോടികള്‍ ഒഴുക്കുന്നുവെന്നും വി ശിവൻകുട്ടി ആരോപിച്ചു.
തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സ്ഥിരതാമസക്കാരല്ലാത്തവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തുവെന്നായിരുന്നു കോണ്‍ഗ്രസും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി എസ് സുനില്‍ കുമാറും രംഗത്തെത്തിയിരുന്നു. വിജയിച്ച സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ സഹോദരന്‍ ഉള്‍പ്പെടെ 11 പേരെ ബൂത്ത് നമ്പര്‍ 116ല്‍ 1016 മുതല്‍ 1026 വരെ ക്രമനമ്പറില്‍ ചേര്‍ത്തുതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആരോപിച്ചിരുന്നു. ഇപ്പോള്‍ പുറത്തുവന്ന പട്ടികയില്‍ ഇവരുടെ പേരുകളില്ല.