കോഴിക്കോട്: തലശ്ശേരി കുയ്യാലി പുഴയില്‍ കണ്ടെത്തിയ മൃതദേഹം കോഴിക്കോട് തടമ്ബാട്ടുതാഴം സ്വദേശി പ്രമോദിന്റേതെന്ന് തിരിച്ചറിഞ്ഞു.കോഴിക്കോട് കരിക്കാംകുളത്ത് വാടക വീട്ടില്‍ താമസിച്ചിരുന്ന തന്റെ സഹോദരിമാരെ കൊന്ന ശേഷം കടന്നു കളഞ്ഞതായിരുന്നു പ്രമോദ്.
കഴിഞ്ഞ ശനിയാഴ്ചയാണ് പ്രമോദ് സഹോദരിമാരെ കൊന്നത്. തുടർന്ന് ഇയാളെ കണ്ടെത്താൻ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇയാളുടെ മൊബൈല്‍ഫോണിന്റെ ലൊക്കേഷൻ അവസാനം കണ്ടത് ഫറോക്ക് പാലത്തിന് സമീപമായിരുന്നു. ഫോണ്‍ ഉപേക്ഷിച്ച് പ്രമോദ് നാടുവിടുകയായിരുന്നു എന്നാണ് നിഗമനം. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
സഹോദരിമാരായ എം. ശ്രീജയയെയും പുഷ്പലളിതയെയും കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം സഹോദരനായ പ്രമോദ് രക്ഷപ്പെടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. രണ്ട് മുറികളിലായിട്ടാണ് ശ്രീജയേയും പുഷ്പലളിതയേയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവർക്കൊപ്പമാണ് പ്രമോദും താമസിച്ചിരുന്നത്.
ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രമോദ് പുലർച്ചെ അഞ്ചുമണിയോടെ അത്താണിക്കലിലുള്ള ബന്ധുവിനോട് സഹോദരി മരിച്ചിട്ടുണ്ടെന്ന് വിളിച്ച് അറിയിച്ചിരുന്നു. രാവിലെ എട്ട് മണിയോടെ ബന്ധുക്കള്‍ എത്തിയപ്പോള്‍ വീടിന്റെ വാതില്‍ ചാരിയിട്ട നിലയിലായിരുന്നു. തുറന്നുനോക്കിയപ്പോള്‍ രണ്ടുമുറികളിലായി രണ്ടുപേർ മരിച്ചുകിടക്കുന്നതായി കണ്ടു. നിലത്ത് കിടക്കയില്‍ കിടത്തിയശേഷം വെള്ളത്തുണികൊണ്ട് പുതപ്പിച്ച നിലയിലായിരുന്നു രണ്ടുപേരും. ബന്ധുക്കളെത്തുമ്ബോഴേക്കും പ്രമോദ് സ്ഥലം വിട്ടിരുന്നു. സമീപത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. ഉടനെ ചേവായൂർ പോലീസിലും വിവരം അറിയിച്ചു.
മരിച്ച രണ്ടുപേർക്കും ശാരീരികമായ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ശ്രീജയ കോവിഡിനുശേഷം തളർന്നു കിടക്കുകയായിരുന്നു.
അവിവാഹിതരായ മൂന്നു പേരും മൂന്ന് വർഷത്തോളമായി ഫ്ലോറിക്കൻ റോഡിലെ വീട്ടില്‍ താമസിച്ചുവരുകയായിരുന്നു. നേരത്തേ നടക്കാവ് ഇംഗ്ലീഷ് പള്ളിയ്ക്ക് സമീപവും പിന്നീട് വേങ്ങേരിയിലുമാണ് ഇവർ താമസിച്ചിരുന്നത്. ശ്രീജയ ആരോഗ്യവകുപ്പില്‍നിന്ന് വിരമിച്ചതാണ്. ഇവരുടെ പെൻഷനിലാണ് മൂവരും ജീവിച്ചിരുന്നത്. പ്രമോദ് ഇലക്‌ട്രിക്കല്‍ ജോലികള്‍ക്കുപുറമേ ലോട്ടറിവില്‍പ്പനയും നടത്തിയിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു.