വീട്ടിൽ പാമ്പ് വരാനുള്ള 4 പ്രധാന കാരണങ്ങൾ ഇതാണ്
മഴക്കാലത്താണ് അധികവും പാമ്പുകളുടെ ശല്യം വീട്ടിൽ ഉണ്ടാകുന്നത്. വെള്ളത്തിൽ നിന്നും രക്ഷ നേടാനും, ചൂടുള്ള സ്ഥലങ്ങളിൽ കിടക്കാനും, ഭക്ഷണത്തിനും വേണ്ടിയാണ് അവ ഇത്തരത്തിൽ വീടുകളിൽ എത്തുന്നത്. അതിനാൽ തന്നെ മഴക്കാലത്ത് അടുക്കള ഭാഗം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അടുക്കളയിലുള്ള ചില സാധനങ്ങൾ പാമ്പുകളെ ആകർഷിക്കുന്നു. അവ എന്തൊക്കെയാണെന്ന് അറിയാം.
ധാന്യങ്ങൾ
അരി, ഗോതമ്പ്, പയർവർഗ്ഗങ്ങൾ തുടങ്ങിയവ എലികൾക്ക് ഇഷ്ടമാണ്. അതിനാൽ തന്നെ അടുക്കളയിൽ ഇവ തുറന്ന് വയ്ക്കുന്നത് എലികളെ ആകർഷിക്കുന്നു. നിരന്തരം എലികൾ വരുമ്പോൾ അവയെ പിടികൂടാൻ പാമ്പും എത്തുന്നു. വീട്ടിൽ പാമ്പ് ശല്യം ഉണ്ടാവാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ഇതാണ്.
ഭക്ഷണ മാലിന്യങ്ങൾ
അടുക്കളയിൽ മാലിന്യങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും. പച്ചക്കറി തോട്, ഭക്ഷണ മാലിന്യങ്ങൾ എന്നിവ അടുക്കളയിൽ തന്നെ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഇത് എലികളെയും മറ്റ് ജീവികളെയും അടുക്കളയിലേക്ക് ആകർഷിക്കുന്നു. ഇവയെ പിടികൂടാൻ പിന്നാലെ പാമ്പും എത്തും.
മുട്ട, പാൽ ഉത്പന്നങ്ങൾ
മുട്ട, പാൽ ഉത്പന്നങ്ങൾ തുടങ്ങിയവ അടുക്കളയിൽ തുറന്ന് സൂക്ഷിക്കാൻ പാടില്ല. ഇത് എലികളെ ആകർഷിക്കുകയും, നിരന്തരം വീട്ടിൽ എലി വരാനും കാരണമാകുന്നു. വീട്ടിൽ എലി എത്തിയാൽ അധികം വൈകാതെ തന്നെ പാമ്പും എത്തും.
വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും ഭക്ഷണം
വളർത്തുമൃഗങ്ങൾക്കായി വാങ്ങി സൂക്ഷിക്കുന്ന ഭക്ഷണ സാധനങ്ങൾ ഒരിക്കലും തുറന്ന് വയ്ക്കരുത്. പക്ഷികൾക്ക് നൽകുന്ന ഭക്ഷണവും ഇത്തരത്തിൽ തുറന്ന് വയ്ക്കുന്നത് ഒഴിവാക്കണം. ഇത് കഴിക്കാൻ പല ജീവികളും വരും. അവയെ പിടികൂടാൻ പാമ്പുകളും പിന്നാലെ എത്തുന്നു.
അടുക്കളയിൽ ഭക്ഷണ സാധനങ്ങൾ ശരിയായ രീതിയിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. മാലിന്യങ്ങൾ അടുക്കളയിൽ തന്നെ സൂക്ഷിക്കുന്ന ശീലം ഒഴിവാക്കാം. വളർത്തുമൃഗങ്ങളുടെ ഭക്ഷണം തുറന്ന് സൂക്ഷിക്കുന്നതും ഒഴിവാക്കേണ്ടതുണ്ട്. അടുക്കള വൃത്തിയായി സൂക്ഷിച്ചാൽ ഇത്തരം ജീവികളുടെ ശല്യം ഉണ്ടാവുകയില്ല.