Fincat

‘വോട്ട് മോഷണത്തിനെതിരായ യാത്ര ബിഹാറിന്‍റെ മണ്ണിൽ നിന്ന് തുടങ്ങുന്നു’; രാഹുല്‍ ഗാന്ധി

വോട്ട് മോഷണത്തിനെതിരായ യാത്ര ബിഹാറിന്‍റെ മണ്ണിൽ നിന്ന് തുടങ്ങുന്നുവെന്ന് രാഹുൽ ഗാന്ധി. കേവലം തെരഞ്ഞെടുപ്പ് വിഷയമല്ല, ജനാധിപത്യത്തെയും, ഭരണഘടനയേയും സംരക്ഷിക്കാനുള്ള വലിയ ദൗത്യമാണ് വോട്ട് മോഷ്ടാക്കളെ തുരത്തുക തന്നെ ചെയ്യുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാഹുല്‍ ഗാന്ധി പുറത്തുകൊണ്ടുവന്ന വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങളാണ്ബിജെപിക്കെതിരെയും കേന്ദ്ര ഗവണ്‍മെന്‍റിനെതിരെയും ഉയരുന്നത്. എംപിമാരടക്കമുള്ള പ്രതിപക്ഷ പ്രതിനിധികളും നേതാക്കളും തെരുവിലിറങ്ങി പ്രതിഷേധം നടത്തിയിരുന്നു. നിലവില്‍ രാജ്യത്തുടനീളം വിഷയത്തില്‍ റാലിയും പ്രതിഷേധവും നടത്താനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം.

ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. വോട്ട് മോഷണം എന്ന പേരിൽ പ്രസന്റേഷൻ ‌കാണിച്ചു കൊണ്ടായിരുന്നു രാഹുലിൻ്റെ വാർത്താസമ്മേളനം. ചില തെരഞ്ഞെടുപ്പ് ഫലങ്ങൾ ഞെട്ടിച്ചുവെന്നും മഹാരാഷ്ട്രയിലും ഹരിയാനയിലും ഇത് കണ്ടുവെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. മഹാരാഷ്ട്രയിൽ അഞ്ചുവർഷത്തിൽ വോട്ടര്‍ പട്ടികയില്‍ ചേർത്തവരെക്കാൾ കൂടുതൽ ആളുകളെ അഞ്ചുമാസം കൊണ്ട് ചേർത്തു. ഹരിയാനയിലെയും കർണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികൾ മാറ്റിയതിലും സംശയം ഉണ്ട്. മഹാരാഷ്ട്രയിൽ 5 മണിക്ക് ശേഷം പോളിങ് നിരക്ക് കുതിച്ചുയർന്നു. വോട്ടർ പട്ടിക നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിസമ്മതിച്ചു. മഹാരാഷ്ട്രയിൽ 40 ലക്ഷം ദുരൂഹ വോട്ടർമാർ വന്നു. സിസിടിവി ദൃശ്യങ്ങൾ ലഭിക്കാതിരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമങ്ങൾ മാറ്റിയെന്നും സിസിടിവി ദൃശങ്ങൾ 45 ദിവസം കഴിയുമ്പോൾ നശിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞതായും രാഹുൽ ഗാന്ധി പറഞ്ഞു.

ഇലക്ട്രോണിക് വോട്ടർ പട്ടിക കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകാതിരുന്നത് പരിശോധനകൾ ബുദ്ധിമുട്ടാക്കി. കമ്മീഷൻ ബിജെപിയുമായി ചേർന്ന് വോട്ട് മോഷ്ടിക്കുന്നുവെന്ന് വ്യക്തമാണ്. ഇത് പഠിക്കാൻ ടീമിനെ വച്ചു. വോട്ടർ പട്ടികയിലെ ഓരോ ചിത്രവും പേരും വിവരങ്ങളും വിശദമായി പരിശോധിച്ചു. സോഫ്ട് കോപ്പി തരാത്തതിനാൽ കടലാസ് രേഖകൾ പരിശോധിച്ചുവെന്നും സെക്കന്റുകൾ കൊണ്ട് രേഖ പരിശോധിക്കുന്നത് ആറുമാസം വേണ്ടിവന്നുവെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ഗുരുതര ആരോപണങ്ങളാണ് കണക്കുകൾ നിരത്തി രാഹുൽ ഗാന്ധി വിശദീകരിച്ചത്.