ഇന്ത്യ ഒരു വികസ്വര രാഷ്ട്രമായിരുന്നിട്ടു കൂടി രാജ്യം ഡിജിറ്റലൈസേഷന്റെ അവസാന ഘട്ടത്തിലെത്തി നിൽക്കുകയാണ്. എല്ലാ മേഖയിലും ഇത് പ്രതിഫലിക്കുന്നുണ്ട്. മിക്ക അപേക്ഷകളും നമുക്ക് ഇന്ന് ഓൺലൈനായിത്തന്നെ ചെയ്യാൻ സാധിക്കുന്നുണ്ട്. പേഴ്സണൽ ലോണുകളടക്കം ഇക്കൂട്ടത്തിൽപ്പെടുന്നു. ഒരുപാട് പേർ ബാങ്കിൽ പോയി സമയം കളയുന്നതിനു പകരം പേഴ്സണൽ ലോൺ ഓൺലൈനായി അപ്ലൈ ചെയ്യുന്നുമുണ്ട്. എന്നാൽ ഇത് സുരക്ഷിതമാണോ?
നമ്മുടെ വ്യക്തിഗത വിവങ്ങൾ, സ്വകാര്യത, സുരക്ഷ എന്നിവയാണ് ഇവിടെ ചോദ്യചിഹ്നമായി നിൽക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങൾ. വ്യക്തിഗത വിവരങ്ങൾ ഇങ്ങനെ ചോർന്നു പോകാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന് തന്നെയാണ് ഉത്തരം. അങ്ങനെ പറയാൻ കാരണം നമ്മളിന്ന് കാണുന്ന പല സാമ്പത്തിക തട്ടിപ്പുകളും തന്നെയാണ്. അതു കൊണ്ട് ഇങ്ങനെ പേഴ്സണൽ ലോണിന് അപേക്ഷിക്കുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് നിങ്ങൾ തെരഞ്ഞെടുക്കുന്ന സ്ഥാപനത്തിന്റെ വിശ്വാസ്യതയാണ്.
ആപ്ലിക്കേഷന്റെ സ്വകാര്യതാ നയം സംബന്ധിച്ച് ഉറപ്പു വരുത്തിയ ശേഷം മാത്രമേ അടുത്ത സ്റ്റേജിലേക്ക് തന്നെ പോകേണ്ടതുള്ളൂ. ആർബിഐക്ക് കീഴിൽ രജിസ്റ്റർ ചെയ്ത ബാങ്കാണോ എൻബിഎഫ്സിയാണോ എന്നെല്ലാം പരിശോധിക്കണം. കോൺടാക്റ്റ് ലിസ്റ്റുകൾ, ഫോട്ടോകൾ, മറ്റ് വ്യക്തിഗത വിവരങ്ങൾ അല്ലെങ്കിൽ ലൊക്കേഷൻ ട്രാക്കിംഗ് എന്നിവയുടെ ആക്സസിന് ‘deny’ ഓപ്ഷൻ തെരഞ്ഞെടുക്കാം. ഇവയൊന്നും നിയമാനുസൃതമായ പേഴ്സണൽ ലോൺ ആപ്ലിക്കേഷൻ അപ്രൂവലിന് നിർബന്ധമുള്ളതല്ല എന്നും മനസിലാക്കുക.