ന്യൂഡല്‍ഹി: ഹരിയാണയിലെ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിധി അപൂർവ നടപടികളോടെ റദ്ദാക്കി സുപ്രീംകോടതി. വോട്ടിങ് മെഷീനുകള്‍ വിളിച്ച് വരുത്തി സുപ്രീംകോടതി രജിസ്ട്രാർ എണ്ണി നോക്കിയപ്പോള്‍ തോറ്റയാള്‍ ജയിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.വോട്ടുകള്‍ വീണ്ടും എണ്ണിയപ്പോള്‍, വിജയിയായി പ്രഖ്യാപിച്ച സ്ഥാനാർത്ഥിയേക്കാള്‍ 51 വോട്ടുകള്‍ കൂടുതല്‍ ‘പരാജയപ്പെട്ട’ സ്ഥാനാർത്ഥിക്ക് ലഭിച്ചതായി കണ്ടെത്തി. ഇതേത്തുടർന്ന് തിരഞ്ഞെടുപ്പ് ട്രൈബ്യൂണലിന്റെ അന്തിമവിധിക്ക് വിധേയമായി, പരാജിതനായ സ്ഥാനാർത്ഥിയെ (ഹർജിക്കാരൻ) ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട സർപഞ്ചായി പ്രഖ്യാപിച്ച് രണ്ടു ദിവസത്തിനകം വിജ്ഞാപനം പുറപ്പെടുവിക്കാൻ പാനിപ്പത്തിലെ ഇലക്ഷൻ ഓഫീസറോട് സുപ്രീം കോടതി നിർദേശിച്ചു.
’22-11-2022ന് നടന്ന തിരഞ്ഞെടുപ്പില്‍ ഹരിയാണയിലെ പാനിപ്പത്ത് ജില്ലയിലെ ബുആന ലഖു ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട സർപഞ്ചായി ഹർജിക്കാരനെ പ്രഖ്യാപിക്കാൻ അർഹനാണെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നു’ ജസ്റ്റിസുമാരായ സൂര്യകാന്ത്, ദിപങ്കർ ദത്ത, എൻ. കോടീശ്വർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ഇവിഎമ്മിലെ വോട്ടുകള്‍ വീണ്ടും എണ്ണി രജിസ്ട്രാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി.
അതേസമയം നേരത്തെ വിജയിയായി പ്രഖ്യാപിക്കപ്പെട്ട സ്ഥാനാർഥിയെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും നേരത്തെ വാദം കേള്‍ക്കുന്നതിനിടെ കോടതി പറയുകയുണ്ടായി. ‘ഒരു ബൂത്തിലാണ് ഈ അബദ്ധം സംഭവിച്ചത്. റിട്ടേണിംഗ് ഓഫീസർ ഉണ്ടാക്കിയ സമ്ബൂർണ്ണ കുഴപ്പമാണിത്, അദ്ദേഹമാണ് പിഴവ് വരുത്തിയത്… ഇത്തരം കാര്യങ്ങളില്‍, വീണ്ടും വോട്ടെണ്ണുക എന്നതാണ് ഏക പരിഹാരം’ ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.