Fincat

ദേശീയപാത മുറിച്ച്‌ കടക്കാൻ ശ്രമിക്കവേ കാറിടിച്ചു; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു


തിരുവനന്തപുരം: കഴക്കൂട്ടം -കാരോട് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.വെങ്ങാനൂർ പനങ്ങോട് അംബേദ്കർ ഗ്രാമത്തില്‍ പനനിന്നവിളയില്‍ പരേതനായ ഭാസ്ക്കരന്റെ ഭാര്യ ആർ. കോമളം(63) ആണ് മരിച്ചത്.

ഓഗസ്റ്റ് ഒൻപതിന് രാവിലെ 9.30- ഓടെയായിരുന്നു അപകടം. കോവളം പോറോട് പാലത്തിന് സമീപം കല്ലുവെട്ടാൻകുഴിയില്‍ റോഡ് മുറിച്ച്‌ കടക്കവെ കാറിടിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് പോകുന്നതിനായി ദേശീയ പാത മുറിച്ച്‌ കടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. തലയില്‍ ഗുരുതരമായി പരിക്കേറ്റ കോമളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കോവളം ഭാഗത്ത് നിന്ന് ആഴിമല ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന ഉളളൂർ സ്വദേശിയുടെ കാറാണ് അപകടമുണ്ടാക്കിയത്. സംഭവത്തില്‍ കേസെടുത്ത പോലീസ് അപകടമുണ്ടാക്കിയ കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.