തിരുവനന്തപുരം: തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടർപട്ടികയിലെ ക്രമക്കേടുകളില്‍ പരിശോധനയ്ക്കും നടപടിക്കും മുന്നിട്ടിറങ്ങാൻ സിപിഐ.വോട്ടർമാരുടെ വിവരങ്ങള്‍ പരിശോധിക്കുന്നതില്‍ ബൂത്ത് ലെവല്‍ ഓഫീസർമാർക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്നതടക്കം സിപിഐ പരിശോധിക്കും.
2024-ലെ വോട്ടർപട്ടിക സംബന്ധിച്ച് സൂക്ഷ്മമായ പരിശോധന നടത്തി നിയമനടപടിക്ക് സാധ്യതയുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ഇതിനൊപ്പം, രാഷ്ട്രീയപ്രചാരണവും ശക്തമാക്കും. തൃശ്ശൂരില്‍ സമരസംഗമവും നടത്തും. ആദ്യഘട്ടത്തിലെ ഒറ്റയ്ക്കൊറ്റയ്ക്കുള്ള സമരത്തിനുശേഷം, എല്‍ഡിഎഫ് ഒന്നിച്ചുള്ള സമരത്തിലേക്ക് കടക്കണമെന്നാണ് സിപിഐ തീരുമാനം. എന്നാല്‍, സംസ്ഥാനതലത്തില്‍ ഇത്തരമൊരു കൂടിയാലോചന ഉണ്ടായിട്ടില്ല.
തെളിവുകള്‍ കണ്ടെത്താൻ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടായില്ലെന്ന ആക്ഷേപവും സിപിഐക്കുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികളില്‍ സംസ്ഥാന സർക്കാരിന് ഇടപെടാനാവില്ലെന്ന പൊതുനിലപാടാണ് സർക്കാരും സിപിഎമ്മും സ്വീകരിക്കുന്നത്. എന്നാല്‍, കർണാടക സർക്കാർ ഇതുസംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഏതൊക്കെരീതിയിലുള്ള അട്ടിമറികളാണ് നടന്നതെന്ന് കണ്ടെത്താനുള്ള രാഷ്ട്രീയലക്ഷ്യം ഈ അന്വേഷണത്തിന് പിന്നിലുണ്ട്. ആ രാഷ്ട്രീയപിന്തുണ കേരളത്തിലുണ്ടാകണമെന്നാണ് സിപിഐ നിലപാട്.
മുന്നണിയെ തിരിഞ്ഞുകൊത്തുമോ?
വോട്ടുചേർക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നത് ബൂത്ത് ലെവല്‍ ഓഫീസർമാരാണ്. ഇവരെ നിയമിക്കുന്നതില്‍ സംസ്ഥാന സർക്കാരിനാണ് പങ്കാളിത്തം ഏറെയുള്ളത്. തൃശ്ശൂരില്‍ ബിഎല്‍ഒമാരുടെ വീഴ്ച കണ്ടെത്തിയാല്‍ അത് സർക്കാരിനെ തിരിഞ്ഞുകുത്തുമോയെന്ന ആശങ്കയും മുന്നണിക്കുള്ളിലുണ്ട്.