Fincat

ഒന്നര മിനിറ്റിൽ ഒരു ആന്റി വെനം ഇഞ്ചക്ഷൻ; മൂ‌ർഖൻ കടിച്ച കുട്ടിയെ രക്ഷിക്കാൻ 2 മണിക്കൂറിൽ നൽകിയത് 76 കുത്തിവെപ്പുകൾ

വിറക് ശേഖരിക്കുന്നതിനിടെ പാമ്പുകടിയേറ്റ പതിനഞ്ചുകാരനെ രക്ഷിച്ച് ഡോക്ടർമാർ. രണ്ട് മണിക്കൂറിനുള്ളിൽ 76 വിഷപ്രതിരോധ മരുന്ന് കുത്തിവെപ്പുകൾ നൽകിയതിനെ തുടർന്നാണ് കരൺ ജീവിതത്തിലേക്ക് തിരിച്ച് വന്നത്. വെള്ളിയാഴ്ച കനൗജ് ജില്ലാ ആശുപത്രിയിലാണ് ഈ അത്ഭുതകരമായ സംഭവം നടന്നത്. ഉദയ്‌പൂർ ഗ്രാമത്തിൽ വിറക് ശേഖരിക്കുമ്പോഴാണ് കരണിനെ മൂർഖൻ പാമ്പ് കടിച്ചത്.

കരണിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ വടികൾ ഉപയോഗിച്ച് പാമ്പിനെ തല്ലിക്കൊന്നു. തുടർന്ന് കരണിനെയും ചത്ത പാമ്പിനെയും ഒരു പെട്ടയിലാക്കി സഹോദരനും അമ്മാവനും ചേർന്ന് മോട്ടോർ സൈക്കിളിൽ കനൗജ് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പാമ്പിനെ തിരിച്ചറിയാനാണ് അവർ ചത്ത പാമ്പിനെ കൂടെക്കൊണ്ടുപോയത്. ആശുപത്രിയിലെത്തുമ്പോൾ കുട്ടിയുടെ നില അതീവ ഗുരുതരമായിരുന്നു. ആദ്യം ഡോക്ടർ രണ്ട് ഡോസ് ആന്റി-വെനം കുത്തിവെപ്പുകൾ നൽകി.

പക്ഷേ, മാറ്റമൊന്നും ഉണ്ടായില്ല. തുടർന്ന് ഓരോ ഒന്നര മിനിറ്റിലും ഒരു കുത്തിവെപ്പ് എന്ന കണക്കിൽ, രണ്ട് മണിക്കൂറിനുള്ളിൽ ആകെ 76 കുത്തിവെപ്പുകൾ നൽകിയെന്ന് ഡോക്ടർ വിശദീകരിച്ചു. കുട്ടിയുടെ ഓക്സിജൻ നില സ്ഥിരമായി നിലനിർത്താനും ശ്രദ്ധിച്ചുവെന്ന് കുട്ടിയെ ചികിത്സിച്ച എമർജൻസി മെഡിക്കൽ ഓഫീസർ ഡോ. ഹരി മാധവ് യാദവ് പറഞ്ഞു. ആദ്യം പ്രതികരിക്കാതിരുന്ന കരണിൻ്റെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണെന്ന് കരണിൻ്റെ സഹോദരൻ പറഞ്ഞു. ആശുപത്രിയിൽ ആവശ്യത്തിന് ആന്റി-സ്നേക്ക് വെനം കുത്തിവെപ്പുകൾ ലഭ്യമാണ്. കൃത്യസമയത്തെ ഇടപെടലാണ് നിർണായകമായതെന്ന് ഡോ. യാദവ് കൂട്ടിച്ചേർത്തു. കരൺ ഇപ്പോൾ നിരീക്ഷണത്തിലാണ്, പൂർണ്ണമായി സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.