നമ്മുടെ വാഹനം അപകടത്തിൽ പെട്ടാൽ, കഷ്ടിച്ചാണ് രക്ഷപ്പെട്ടത് എന്നുവന്നാൽ പലതിനെ കുറിച്ചും നമ്മൾ ചിന്തിക്കും അല്ലേ? അതുപോലെ ചൈനയിൽ ഒരു കാമുകനും കാമുകിയും കാറിൽ സഞ്ചരിക്കവേ അവരുടെ വാഹനവും അപകടത്തിൽ പെട്ടു. അതിനുപിന്നാലെ അവർ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു തീരുമാനവും എടുത്തു. സൗത്ത് ചൈന മോർണിംഗ് പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച്, മാ എന്ന 31 -കാരൻ തന്റെ കാമുകിയുമായി ജൂലൈ 26 -ന് ഷാങ്‌സി പ്രവിശ്യയില്‍ നിന്ന് കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോങ്ങിലേക്ക് കാറിൽ പോവുകയായിരുന്നു. യാത്രയിൽ ഒരു ട്രക്കിനെ മറികടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
വലിയ അപകടം തന്നെ ആയിരുന്നു അത്. മായുടെ കാറിന്റെ മുൻവശത്തെ ടയർ പൊട്ടി. ട്രക്ക് മായുടെ വാഹനത്തിന് നേരെ തിരിഞ്ഞുവരികയും ചെയ്തു. ഉടനടി ബ്രേക്ക് ചവിട്ടിയിട്ടും കാർ ഇടിച്ചു. വാഹനത്തിന് വലിയ കേടുപാടുകൾ തന്നെ സംഭവിച്ചു, കാറിന്റെ മുൻവശവും പിൻവശവും തകർന്നു. എന്നാൽ, മായും കാമുകിയും അത്ഭുതകരമായി അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. ഇരുവർക്കും ചെറിയ ചില പരിക്കുകൾ മാത്രമേ പറ്റിയുള്ളൂ. ട്രക്ക് ഡ്രൈവറുടെ അവസ്ഥയും അത് തന്നെ ആയിരുന്നു. ട്രക്കിന് കേടുപാടുകൾ പറ്റിയെങ്കിലും അദ്ദേഹവും ചെറിയ പരിക്കോടെ രക്ഷപ്പെട്ടു.
മായും കാമുകിയും നേരത്തെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു എങ്കിലും അത് വളരെ പെട്ടെന്ന് വേണം എന്ന് കരുതിയിരുന്നില്ല. പക്ഷേ, അപകടം നടന്ന ദിവസം വൈകുന്നേരം മാ അവളോട് വിവാഹാഭ്യർത്ഥന നടത്തി. അവൾ യെസ് പറഞ്ഞു. ഉടനെ തന്നെ വീട്ടുകാരോടും കൂട്ടുകാരോടും ഒക്കെ വിവരം പറഞ്ഞു. വെറും മൂന്ന് ദിവസത്തിന് ശേഷം അവർ ഇരുവരും വിവാഹിതരായി.