മത്സ്യഭവൻ ഓഫീസുകൾ തകർത്ത് കവർച്ചാ ശ്രമം; മോഷ്ടാവ് ക്ഷേമനിധി ഫണ്ട് ലക്ഷ്യം വച്ച് എത്തിയതെന്ന് നിഗമനം
സംഭവം അന്വേഷിച്ചു വരികയാണെന്നും സ്ഥലത്ത് രാത്രി കാല പട്രോളിംഗ് ശക്തമാക്കിയതായും തിരൂർ എസ്.ഐ ജലീൽ കറുത്തേടത്ത് പറഞ്ഞു.
തിരൂർ: സംസ്ഥാന സർക്കാറിനു കീഴിൽ കൂട്ടായി, വാക്കാട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന മത്സ്യഭവൻ ഓഫീസുകൾ തകർത്ത് കവർച്ചാ ശ്രമം. ജനുവരി നാലിന് തിങ്കളാഴ്ച ഓഫീസിലെത്തിയ ജീവനക്കാരാണ് മത്സ്യഭവൻ്റെ വാതിൽ തകർത്ത് കവർച്ചാ ശ്രമം നടന്നതായി കണ്ടത്.
വാക്കാട് ഓഫീസിൻ്റെ വാതിൽ തകർത്ത് അകത്ത് കയറിയ മോഷ്ടാവ് അലമാര തുറന്ന് ഫയലുകൾ നശിപ്പിച്ചിട്ടുണ്ട്. കൂട്ടായിയിലെ മത്സ്യഭവൻ ഓഫീസിൻ്റെ പൂട്ട് തകർത്തെങ്കിലും അകത്തേക്ക് കയറാനായിട്ടില്ല.
മത്സ്യത്തൊഴിലാളി ക്ഷേമനിധിയിലേക്കുള്ള മാസ അടവ് തുക ഡിസംബർ 28, 29, ജനുവരി ഒന്ന് ദിവസങ്ങളിലായിരുന്നു ശേഖരിച്ചിരുന്നത്. കളക്ഷൻതുക മത്സ്യഭവൻ ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ടാകുമെന്ന് ധരിച്ച മോഷ്ടാവ് വാതിൽ തുറന്ന് അകത്ത് കയറുകയായിരുന്നുവെന്നാണ് നിഗമനം. സംഭവത്തിൽ ഫിഷറീസ് ഓഫീസർ തിരൂർ പൊലീസിൽ പരാതി നൽകി.
പണം ഫിഷറീസ് ഓഫീസിൽ സൂക്ഷിക്കാറില്ലെന്നും അടക്കുന്ന മുഴുവൻ തുകയും അതേ ദിവസം ബാങ്കിലോ ട്രഷറിയിലോ അടക്കുകയാണ് രീതിയെന്നും ഫിഷറീസ് ഓഫീസർ ശ്യാമധരൻ പറഞ്ഞു.
പൂട്ടുകളും വാതിലുകളും തകർത്തിട്ടുണ്ട്. അലമാര തുറന്ന് പേപ്പറുകളും ഫയലുകളും പരതിയനിലയിലാണെന്നും, എന്നാൽ പണമോ മറ്റു നഷ്ടങ്ങളോ
ഉണ്ടായിട്ടില്ലെന്നും ഫിഷറീസ് ഓഫീസർ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ സംഭവം അന്വേഷിച്ചു വരികയാണെന്നും സ്ഥലത്ത് രാത്രി കാല പട്രോളിംഗ് ശക്തമാക്കിയതായും തിരൂർ എസ്.ഐ ജലീൽ കറുത്തേടത്ത് പറഞ്ഞു.