Fincat

തൂക്കം 1.2 കിലോ, മൂല്യം 2 കോടിയിലേറെ; എറണാകുളത്ത് രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ; കണ്ടെത്തിയത് തിമിംഗല ഛർദി

തിമിംഗല ഛർദി എന്നറിയപ്പെടുന്ന ആമ്പർ ഗ്രീസുമായി രണ്ട് പേരെ കൊച്ചി സിറ്റി പൊലീസ് പിടികൂടി. എറണാകുളം പുതുവൈപ്പ് സ്വദേശികളായ പുറക്കൽ വീട്ടിൽ ജിനീഷ് (39), അഞ്ച്തൈക്കൽ വീട്ടിൽ സൗമിത്രൻ(38) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 2 കോടി രൂപയിലേറെ മൂല്യം വരുന്ന 1.2 കിലോ ആമ്പർഗ്രീസ് പിടിച്ചെടുത്തു. വില പറഞ്ഞുറപ്പിച്ച് വിൽപ്പനക്കായി കൊണ്ടുപോകും വഴിയാണ് ഇവരെ പിടികൂടിയതെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു.

വന്യജീവി സംരക്ഷണ നിയമപ്രകാരം രാജ്യത്ത് ആമ്പർഗ്രീസ് കൈവശം വെക്കുന്നതും വിൽക്കുന്നതും നിരോധിച്ചിട്ടുണ്ട്. യുവാക്കളുടെ പക്കൽ ആമ്പർഗ്രീസുണ്ടെന്നും ഇവരത് വിൽക്കാനുള്ള തയ്യാറെടുപ്പിലാണെന്നും കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ അശ്വതി ജിജിക്ക് വിവരം കിട്ടിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മട്ടാഞ്ചേരി എസിപി ഉമേഷ് ഗോയലിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്.

പള്ളരുത്തി സിഐ എ.കെ സുധീർ, എസ്ഐ അജ്‌മൽ ഹുസൈൻ, ഗ്രേഡ് എസ്ഐ കെകെ സന്തോഷ്, സീനിയർ സിപിഒമാരായ ഗോകുൽ സൂരജ്, നിതിൻ ഇഗ്നേഷ്യസ്, സിപിഒമാരായ കെഎസ് ബിബിൻ, കെഎ അനീഷ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഇവർക്ക് പുറമെ മട്ടാഞ്ചേരി സബ് ഡിവിഷൻ സ്‌ക്വാഡ് അംഗങ്ങളായ എസ്‌സിപിഒമാർ എഡ്വിൻ, അനീഷ് കുമാർ, സുനിൽകുമാർ, രഞ്ജിത്ത് മോൻ, സിപിഒമാരായ ബേബിലാൽ, ഉമേഷ് ഉദയൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.