Fincat

45 വര്‍ഷമായി തളിപ്പറമ്പിലെ കൃഷ്ണന്‍ സൂക്ഷിക്കുന്ന രണ്ടര കിലോയുള്ള, കോടികളുടെ രത്നകല്ല് തട്ടിയെടുത്തു;അറസ്റ്റ്

തളിപ്പറമ്പ്: കോടിക്കണക്കിന് രൂപ വിലമതിക്കുന്ന രത്‌നക്കല്ല് തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ പിടിയില്‍. തളിപ്പറമ്പ് ചെറുകുന്ന് തെക്കുമ്പാട്ടെ എം കലേഷ്, ആയിരംതെങ്ങിലെ പി പി രാഹുല്‍ എന്നിവരെയാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

2023 ജനുവരി ഏഴിനാണ് പാലകുളങ്ങര തുമ്പിയോടന്‍ വീട്ടില്‍ കൃഷ്ണന്‍ എന്നയാളുടെ രണ്ട് കിലോഗ്രാം തൂക്കമുള്ള അക്വമറൈന്‍ എന്ന രത്‌നക്കല്ലും അതിന്റെ ജിയോളജിക്കല്‍ സര്‍ട്ടഫിക്കറ്റുമടക്കമുള്ള ബാഗ് ബൈക്കിലെത്തിയ സംഘം കവര്‍ന്നത്. 45 വര്‍ഷങ്ങളായി കൃഷ്ണന്‍ കൈവശം വച്ചിരുന്ന രത്‌നം വാങ്ങാനായി മയ്യില്‍ സ്വദേശി ബിജു തയ്യാറായിരുന്നു. മാസങ്ങളായി ഇവര്‍ തമ്മില്‍ സംഭാഷണം നടക്കുകയും ബിജുവിന്റെ നിര്‍ദേശപ്രകാരം ജനുവരി ഏഴിന് രാവിലെ രത്‌നക്കല്ല് അടങ്ങിയ ബാഗുമായി തളിപ്പറമ്പ് ലൂര്‍ദ് ആശുപത്രിക്ക് സമീപമുള്ള പാര്‍ക്കിങില്‍ കൃഷ്ണന്‍ എത്തുകയും ചെയ്തു. ഈ സമയത്ത് അവിടേക്ക് ബൈക്കിലെത്തിയ ഇരുവര്‍ സംഘമാണ് ബാഗോടെ തട്ടിയെടുത്ത് കടന്നുകളഞ്ഞത്.തളിപ്പറമ്പ് ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രന്റെ നിര്‍ദേശപ്രകാരം തളിപ്പറമ്പ് എസ്‌ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. തട്ടിയെടുത്ത രത്‌നക്കല്ല് കണ്ടെത്താനായില്ല. പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്.