Fincat

മെമ്മറി കാർഡ് വിവാദം: ‘അന്വേഷണത്തിന് സമിതിയെ നിയോ​ഗിക്കും’; അമ്മ പ്രസിഡന്റ് ശ്വേതാ മേനോൻ

മെമ്മറി കാർഡ് വിവാദത്തിൽ അന്വേഷണത്തിന് കമ്മിറ്റിയെ നിയോഗിക്കുമെന്ന് അമ്മ പ്രസിഡന്റ് ശ്വേതാ മേനോൻ. ആദ്യ എക്സിക്യൂട്ടീവ് യോഗത്തിൽ അംഗങ്ങൾക്കിടയിലെ പരാതികൾ ചർച്ചയായെന്നും പരാതികൾ പരിഹരിക്കാൻ സബ് കമ്മിറ്റികൾ രൂപീകരിക്കുമെന്നും ശ്വേത മേനോൻ പറഞ്ഞു. എല്ലാവരുടെയും പ്രശ്നങ്ങൾ കേൾക്കുമെന്നും ശ്വേതാ മേനോൻ വ്യക്തമാക്കി.

താര സംഘടനയായ അമ്മയുടെ എക്സിക്യുട്ടീവ് യോഗം കൊച്ചിയിലാണ് ഇന്ന് ചേര്‍ന്നത്. പുതിയ ഭരണസമിതിയുടെ ആദ്യ യോഗമാണ് അമ്മ ഓഫീസിൽ രാവിലെ 11 മണിക്ക് ആരംഭിച്ചത്. സമീപകാലവിവാദങ്ങളെത്തുടർന്ന് നിറംമങ്ങിയ സംഘടനയുടെ പ്രതാപം വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങളായിരുന്നു പ്രധാന അജണ്ട. ഓണവുമായി ബന്ധപ്പെട്ട് പരിപാടി സംഘടിപ്പിക്കാൻ സംഘടനയിൽ ആലോചനയുണ്ട്. വിവാദങ്ങളെത്തുടർന്ന് സംഘടന വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്. കുക്കു പരമേശ്വരനുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദവും സംഘടനയിലെ വിഭാഗീയതയും യോഗത്തിൽ ചർച്ചയായിരുന്നു. തുടര്‍ന്നാണ് വിഷയത്തിൽ അമ്മ പ്രസിഡന്‍റ് ശ്വേത മേനോൻ നിലപാട് വ്യക്തമാക്കിയത്.