Fincat

കാർ തട്ടിയതിനെ ചൊല്ലി തർക്കം, ചോദ്യം ചെയ്തതോടെ വൈരാഗ്യം.

കാര്‍ തട്ടിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കാര്‍ യാത്രക്കാരനെ ആക്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കൊറ്റനെല്ലൂര്‍ കുതിരത്തടം സ്വദേശി വേലംപറമ്പില്‍ വീട്ടില്‍ അബ്ദുള്‍ ഷാഹിദ് (29), കൊറ്റനെല്ലൂര്‍ പട്ടേപ്പാടം സ്വദേശി തൈപറമ്പില്‍ വീട്ടില്‍ നിഖില്‍ (30) എന്നിവരാണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട ആളൂര്‍ മുരിയാട് ഉള്ളാട്ടിക്കുളം വീട്ടില്‍ മില്‍ജോയുടെ (29) കാര്‍ തട്ടിയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ കാര്‍ യാത്രക്കാരനെ ആക്രമിച്ച കേസിലാണ് പ്രതികള്‍ പിടിയിലായത്.

സംഭവത്തില്‍ ഒന്നാം പ്രതിയായ മില്‍ജോയെ ജൂലൈ മൂന്നിന് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലെ ഒളിവില്‍ പോയ പ്രതികളാണ് ഇപ്പോള്‍ പിടിയിലായത്. അറസ്റ്റിലായ രണ്ടു പേരും ആനന്ദപുരം എന്ന സ്ഥലത്ത് വെച്ച് യുവാവിനെ ആക്രമിച്ച് വാച്ചും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ പ്രതികളാണ്. ഈ കേസില്‍ ഇരുവരേയും അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു. തുടര്‍ന്ന് ഇരിങ്ങാലക്കുടയിലെ കേസിലേക്ക് വേണ്ടി കോടതിയുടെ അനുമതിയോടെയാണ് അബ്ദുള്‍ ഷാഹിദിനെയും, നിഖിലിനെയും അറസ്റ്റ് ചെയ്തത്.

തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങി ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പുകള്‍ നടത്തുകയും ചെയ്തു. നടപടിക്രമങ്ങള്‍ക്ക് ശേഷം ഇരുവരെയും ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിലെ കേസിലേക്ക് കൂടി റിമാന്‍റ് ചെയ്യുന്നതിനുള്ള റിപ്പോര്‍ട്ട് സഹിതം തിരികെ കോടതിയില്‍ ഹാജരാക്കും. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഷാജന്‍.എം.എസ്, എസ്.ഐ. ദിനേശ് കുമാര്‍, ജി.എസ്.ഐ പ്രീജു.ടി.പി എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉള്ളത്.