Fincat

നിക്ഷേപ തുകയിൽ വമ്പൻ തട്ടിപ്പ്, മലപ്പുറത്തെ സഹകരണ ബാങ്കിലെ മൂന്ന് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: നിക്ഷേപ തുകയില്‍ തട്ടിപ്പ് നടത്തി രണ്ട് നിക്ഷേപകരെ വഞ്ചിച്ച സംഭവത്തില്‍ സര്‍വീസ് സഹകരണ ബാങ്കിലെ മൂന്ന് ജീവനക്കാരെ അറസ്റ്റ് ചെയ്ത് പൊലീസ്. ആനമങ്ങാട് സര്‍വീസ് സഹകരണ ബാങ്കിലാണ് രണ്ട് പേരുടെ പേരിലുള്ള 27,52,176 രൂപ തിരിമറി നടത്തി നിക്ഷേപകരെ വഞ്ചിച്ചത്. ബാങ്ക് ജീവനക്കാരായ തൂത പാറല്‍ ചമ്മന്‍കുഴി അന്‍വര്‍ (52), ആനമങ്ങാട് കാഞ്ഞിരുട്ടില്‍ അലി അക്ബര്‍ (55), തൂത പാറല്‍ സ്വാലിഹ് (52) എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. മൂവരേയും കോടതിയില്‍ ഹാജരാകണമെന്ന വ്യവസ്ഥയില്‍ ജാമ്യത്തില്‍ വിട്ടു.

ബാങ്ക് മെമ്പറും നിക്ഷേപകനുമായ മണലായ തുളിയത്ത് ഉസ്മാന്റെ പരാതിയില്‍ ബാങ്ക് സെക്രട്ടറി അന്‍വര്‍, അക്കൗണ്ടന്‍റ് അലി അക്ബര്‍, ജീവനക്കാരായ അബ്ദുസലാം, ഇ പി സ്വാലിഹ്, എന്നിവരെ പ്രതി ചേര്‍ത്താണ് ഒരു കേസെടുത്തത്. ഉസ്മാന്‍ ബാങ്കില്‍ ഫിക്‌സഡ് ഡിപ്പോസിറ്റായി നിക്ഷേപിച്ച 15 ലക്ഷം രൂപ ഇയാളുടെ മകളുടെ അക്കൗണ്ടിലേക്ക് മാറ്റാന്‍ ആവശ്യപെട്ടിട്ടും അത് ചെയ്യാതെ തുക മാറ്റി നിക്ഷേപിച്ചെന്നാണ് ഉസ്മാന്റെ പരാതിയില്‍ പറയുന്നത്. ബാങ്ക് മെമ്പറും കോണ്‍ട്രാക്ടറുമായ മങ്ങാടന്‍പറമ്പ് ഷറഫുദ്ദീന്റെ പരാതിയില്‍ ബാങ്ക് സെക്രട്ടറി അന്‍വര്‍ , ജീവനക്കാരായ അബ്ദുസലാം, നൗഫല്‍, നോര്‍ത്ത് ഈസ്റ്റ് സ്‌മോള്‍ ഫിനാന്‍സ് സ്ഥാപന നടത്തിപ്പുകാരന്‍ അഭിഷേക് ബഹ്‌റ എന്നിവര്‍ക്കെതിരെ മറ്റൊരു കേസുമെടുത്തിട്ടുണ്ട്.

ഷറഫുദ്ദീന്റെ നിക്ഷേപ തുകയായ 12,52,171 രൂപ നിക്ഷേപകനറിയാതെ നോര്‍ത്ത് ഈസ്റ്റ് സ്‌മോള്‍ ഫിനാന്‍സ് സ്ഥാപനത്തിലേക്ക് ആര്‍ ടി ജി എസ് ചെയ്ത് കൊടുത്ത് വഞ്ചന നടത്തിയതായാണ് ഷറഫുദ്ദീന്റെ പരാതിയില്‍ പറയുന്നത്. ബാങ്കിലെ നിക്ഷേപമാറ്റം സംബന്ധിച്ച് തന്റെ മൊബൈല്‍ ഫോണിലേക്ക് മെസേജ് വരുന്നത് എതിര്‍ കക്ഷികള്‍ തടഞ്ഞതായും പരാതിയില്‍ പറയുന്നുണ്ട്.