ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച്, പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ നാല് പേര്‍ പിടിയില്‍. കോഴിക്കോട് പേരാമ്പ്രയില്‍ നടന്ന സംഭവത്തില്‍ വടകര പതിയാരക്കര സ്വദേശി കുളങ്ങര അഭിഷേക്(19), കായണ്ണ ചോലക്കര മീത്തല്‍ മിഥുന്‍ ദാസ്(19), വേളം പെരുമ്പാട്ട് മീത്തല്‍ സികെ ആദര്‍ശ്(22), പതിനേഴ് വയസ്സുകാരനായ നാലാമനുമാണ് പേരാമ്പ്ര പൊലീസിൻ്റെ പിടിയിലായത്.
പെണ്‍കുട്ടിയും അഭിഷേകും തമ്മിലുള്ള സൗഹൃദത്തിലാണ് തുടക്കം. ഇൻസ്റ്റഗ്രാമിലാണ് ഇവർ പരിചയപ്പെട്ടത്. കഴിഞ്ഞ ഏപ്രില്‍ മാസം മുതൽ ഇരുവരും സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് സ്ഥിരമായി സംസാരിക്കാൻ തുടങ്ങി. പിന്നീട് അമ്മയെ പരിചയപ്പെടുത്താമെന്ന വ്യാജേന മിഥുന്‍ദാസിന്റെ കായണ്ണയിലെ വീട്ടില്‍ പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പൊലീസിന് ലഭിച്ച പരാതിയില്‍ ആരോപിക്കുന്നത്. പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ഇയാളെ കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കി, ജുവനൈല്‍ ഹോമിലേക്ക് മാറ്റി. മറ്റുള്ളവരെ പയ്യോളി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. അഭിഷേക് ഇതിന് മുന്‍പും രണ്ട് പോക്‌സോ കേസുകളില്‍ ഉള്‍പ്പെട്ടയാളാണെന്ന് പോലീസ് പറഞ്ഞു.