Fincat

വമ്ബൻ താരനിരയുമായി ‘കാട്ടാളൻ’, മലയാളക്കര കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രത്തിന് തിരി തെളിഞ്ഞു


കൊച്ചി:ക്യൂബ്സ്‌എൻറർടെയ്ൻമെൻറ്സിൻറെ ബാനറില്‍ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻറണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോള്‍ ജോർജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കാട്ടാളൻ’ സിനിമയ്ക്ക് തിരിതെളിഞ്ഞു.

സിനിമ ലോകത്തെ അധികായരും, അണിയറ പ്രവർത്തകരും, മാധ്യമ സുഹൃത്തുക്കളുമടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് സിനിമയുടെ തിരി തെളിയിച്ചത് . ചടങ്ങില്‍ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, സിദ്ദീഖ് ജഗദീഷ് , കബീർ ദുല്‍ഹൻ ,ഐ എം വിജയൻ, ആൻ്റണി പേപ്പെ, ഡയറക്ടർ ഹനീഫ് അധേനി, രജിഷ വിജയൻ , ഹനാൻ ഷാ, ബേബി ജീൻ, ശറഫുദ്ധീൻ, ഡയറക്ടർ ജിതിൻ ലാല്‍, ആൻസണ്‍ പോള്‍, സാഗർ സൂര്യ, ഷോണ്‍ റോയ്, എഡിറ്റർ ഷമീർ മുഹമ്മദ് തുടങ്ങി നിരവധി താരങ്ങളും അണിയറ പ്രവർത്തകരും ചടങ്ങില്‍ പങ്കെടുത്തു.
ചിത്രത്തില്‍ നായികയായെത്തുന്നത് രജിഷ വിജയനാണ്. സിനിമയില്‍ സംഗീതമൊരുക്കുന്നത് ‘കാന്താര’യുടെ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് . മലയാളത്തില്‍ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്. പാൻ ഇന്ത്യൻ താരങ്ങളായ സുനില്‍, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസണ്‍ പോള്‍, രാജ് തിരണ്‍ദാസു, ഷോണ്‍ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കില്‍ താരം പാർത്ഥ് തീവാരിയേയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട് .
ചിത്രത്തില്‍ പെപ്പെ തൻറെ യഥാർത്ഥ പേരായ “ആൻറണി വർഗ്ഗീസ്” എന്ന പേരില്‍ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കണ്‍ക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെല്‍വൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തില്‍ ആക്ഷനൊരുക്കാനായി എത്തുന്നത്.
പാൻ ഇന്ത്യൻ ലെവല്‍ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രത്തില്‍ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്. ‘കാന്താര ചാപ്റ്റർ 2’വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. സിനിമയിലെ സംഭാഷണം ഒരുക്കുന്നത് ഉണ്ണി ആറാണ്. എഡിറ്റിംഗ് നിർവ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. ഐഡൻറ് ലാബ്സ് ആണ് ടൈറ്റില്‍ ഗ്രാഫിക്സ്. ശ്രദ്ധേയ ഛായാഗ്രാഹകൻ രെണദേവാണ് ഡിഒപി. എം.ആർ രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി, പ്രൊഡക്ഷൻ ഡിസൈനർ: സുനില്‍ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപില്‍ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കണ്‍ട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റില്‍സ്: അമല്‍ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, വിഎഫ്‌എക്സ്: ത്രീഡിഎസ്, ഡിജിറ്റല്‍ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പിആർഒ: ആതിര ദില്‍ജിത്ത്.