Fincat

‘മോശം ഉദ്ദേശ്യത്തോടെ വാട്‌സാപ്പില്‍ സന്ദേശം’; ഉന്നത ഉദ്യോഗസ്ഥനെതിരേ വനിതാ എസ്‌ഐമാരുടെ പരാതി


തിരുവനന്തപുരം: തലസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരേ വനിതാ എസ്‌ഐമാരുടെ പരാതി. ഉന്നത ഉദ്യോഗസ്ഥൻ മോശം ഉദ്ദേശ്യത്തോടെ വാട്സാപ്പില്‍ സന്ദേശം അയക്കുന്നതായി ആരോപിച്ചാണ് രണ്ട് വനിതാ എസ്‌ഐമാർ തിരുവനന്തപുരം റെയ്ഞ്ച് ഡിഐജിക്ക് പരാതി നല്‍കിയത്.ഇതിന്റെ അടിസ്ഥാനത്തില്‍ വനിതാ ഉദ്യോഗസ്ഥരുടെ മൊഴിയടക്കം രേഖപ്പെടുത്തി ഡിഐജി വിശദമായ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി.

രണ്ട് വനിതാ എസ്‌ഐമാരാണ് ഉന്നത ഉദ്യോഗസ്ഥനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച്‌ പരാതി നല്‍കിയിരിക്കുന്നത്. മോശം ഉദ്ദേശ്യത്തോടെ വാട്സാപ്പില്‍ സന്ദേശം അയക്കുകയും വിളിക്കുകയും ചെയ്യുന്നതായാണ് ആരോപണം. ഇതിന് മറുപടി നല്‍കിയില്ലെങ്കില്‍ പ്രതികാരനടപടിയുണ്ടാകുന്നതായും പരാതിയിലുണ്ട്.

ഡിഐജിക്ക് മുൻപാകെ പരാതി നല്‍കിയ വനിതാ എസ്‌ഐമാർ വിശദമായ മൊഴിയും നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഡിഐജിക്ക് നേരിട്ട് കേസെടുക്കാമെങ്കിലും വനിതാ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി വിശദമായ റിപ്പോർട്ട് ഡിജിപിക്ക് കൈമാറുകയായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണമുണ്ടായേക്കുമെന്നാണ് സൂചന.