Fincat

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പൊലീസിൽ പരാതി

ലൈംഗികാതിക്രമ ആരോപണത്തില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പൊലീസില്‍ പരാതി. ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ശബ്ദ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. പൊതുപ്രവര്‍ത്തകനായ പി എം സുനില്‍ ആണ് ഡിജിപിക്ക് പരാതി നല്‍കിയത്. യുവതിയെ കൊലപ്പെടുത്തുമെന്ന് രാഹുല്‍ ഭീഷണിപ്പെടുത്തുന്നത് സംഭാഷണത്തില്‍ നിന്നും വ്യക്തമാണ്. അതിനാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്നിലെ ക്രിമിനല്‍ സംഘത്തെക്കുറിച്ചും അന്വേഷിക്കണമെന്നും പി എം സുനിൽ പരാതിയില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസങ്ങളിലായി മധ്യമങ്ങള്‍ പുറത്തുവിട്ട രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ശബ്ദ സംഭാഷണത്തില്‍ നിന്നും വ്യക്തമാകുന്ന നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണം എന്നാണ് പി എം സുനില്‍ പരാതിയില്‍ വ്യക്തമാക്കുന്നത്. കൂടാതെ പെണ്‍കുട്ടി ഗര്‍ഭഛിദ്രത്തിന് തയ്യാറായില്ലെങ്കില്‍ അപായപ്പെടുത്തുമെന്നും ശബ്ദ സംഭാഷണത്തില്‍ പറയുന്നുണ്ട്. ഇതേക്കുറിച്ചും പരാതിയില്‍ പരാമര്‍ശമുണ്ട്.ഇതിനിടെ, ഇന്ന് രാവിലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പ്രാഥമിത അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ രാഹുല്‍ എംഎല്‍എയായി തന്നെ തുടരും. എത്ര കാലത്തേക്കാണ് സസ്‌പെന്‍ഷന്‍ എന്നത് വ്യക്തമല്ല. രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എയായി തുടരാനാവുന്ന തരത്തില്‍ തീരുമാനമെടുക്കാനാണ് കെപിസിസിയുടെ നീക്കം. മുഖം രക്ഷിക്കാന്‍ പേരിന് സസ്പെന്‍ഷന്‍ നീക്കത്തിനാണ് കെപിസിസി തീരുമാനമെടുത്തിരിക്കുന്നത്. രാഹുല്‍ രാജിവെച്ചാല്‍ പാലക്കാട് വീണ്ടും ഉപതെരഞ്ഞെടുപ്പ് വരും എന്ന കാര്യത്തെ മറയാക്കി രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതേസമയം ഇപ്പോഴത്തെ കെപിസിസി നിലപാടില്‍ അമര്‍ഷം പുകയുകയാണ്.