Fincat

ലാബ് ജീവനക്കാരിക്ക് നേരെ ബലാത്സംഗ ശ്രമം, പരപ്പനങ്ങാടി സ്വദേശി പിടിയിൽ

കോഴിക്കോട് ഉള്ളിയേരിയിൽ ലാബ് ജീവനക്കാരിക്ക് നേരെ ബലാത്സംഗ ശ്രമം. സംഭവത്തിൽ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിൻ പിടിയിലായി. ഇയാൾ ഒരു ഹോട്ടലിൽ ജീവനക്കാരനാണ്. ലാബ് തുറക്കാൻ എത്തിയ ജീവനക്കാരിയെ ഇയാൾ കടന്ന് പിടിച്ച് ആക്രമിക്കുകയായിരുന്നു. ബലാത്സംഗ ശ്രമത്തിനുശേഷം ഓടി രക്ഷപ്പെട്ട ഇയാളെ കുന്ദമംഗലത്ത് വച്ചാണ് പിടികൂടിയത്. യുവതിയെ കടന്നുപിടിക്കുന്നതിന്റെയും ഒടുവിൽ ലാബിൽ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിരുന്നു.

ഇന്നലെ പുലർച്ചയാണ് സംഭവം ഉണ്ടായത്. പുലർച്ചെ ലാബിലെത്തി സ്ഥാപനം തുറക്കാൻ ശ്രമിക്കുകയായിരുന്ന യുവതിയുടെ അടുത്തേക്ക് ഇയാൾ എത്തുകയായിരുന്നു. സ്ത്രീയോട് ആദ്യം സംസാരിച്ച ശേഷം പിന്നീട് ഫോണിൽ സംസാരിക്കുന്നതായി ഭാവിച്ച് സ്ഥാപനത്തിന് പുറത്തേക്ക് എത്തുകയും സമീപത്ത് ആരുമില്ലെന്ന് ഉറപ്പ് വരുത്തുകയുമായിരുന്നു. ശേഷം, ലാബിൽ കയറി സ്ത്രീയെ കടന്നുപിടിക്കുകയായിരുന്നു. സ്ത്രീയുടെ ചെറുത്തുനിൽപ്പിനെ തുടർന്ന് ഇയാൾ പിൻവാങ്ങുകയും ലാബിൽ നിന്നും ഇറങ്ങി ഓടുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാൻ കഴിയും. യുവതി പിറകേ ചെന്ന് നോക്കിയെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു. അതിക്രമത്തെ തുടർന്ന് യുവതി ആശുപത്രിയിൽ നിന്നും ചികിത്സ നേടി. സിസിടിവി ദൃശ്യങ്ങൾ ആസ്പദമാക്കി നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് ഇന്ന് പ്രതി പൊലീസ് പിടിയിലായത്.