Fincat

ഹജ്ജ് 2026- സാങ്കേതിക പരിശീലന ക്ലാസ്സുകൾ സെപ്തംബർ ഒന്ന് മുതൽ ആരംഭിക്കും;വെയ്റ്റിംഗ് ലിസ്റ്റ് 6000 വരെയുള്ളവർ പങ്കെടുക്കണം

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2026 ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് മൂന്ന് ഘട്ടങ്ങളിലായി ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസ്സുകൾ സംഘടിപ്പിക്കും. ഹജ്ജ് കമ്മിറ്റിയുടെ ട്രൈനിംഗ് ഓർഗനൈസർമാരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടക്കുക. സംസ്ഥാന ഹജ്ജ് കമ്മിറ്റിയാണ് ഔദ്യാഗികമായി സംഘടിപ്പിക്കുന്ന ഈ ക്ലാസുകളിൽ തെരഞ്ഞെടുക്കപ്പെട്ട എല്ലാവരും പങ്കെടുക്കൽ നിർബന്ധമാണ്. നിലിവിൽ വെയ്റ്റിംഗ് ലിസ്റ്റിലുള്ള ക്രമനമ്പർ 6000 വരെയുള്ളവരും ഹജ്ജ് കമ്മിറ്റിയുടെ ക്ലാസ്സുകളിൽ പങ്കെടുക്കണം.

സൗദി അറേബ്യ ഇന്ത്യയുടെ ഹജ്ജ് ക്വാട്ട ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ക്വാട്ട പ്രഖ്യാപിക്കുന്നതിനനുസരിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി സംസ്ഥാനത്തിന്റെ ക്വാട്ടയും നിശ്ചയിക്കും. ക്വാട്ട ലഭിക്കുന്നതിനുസരിച്ച് വെയ്റ്റിംഗ് ലിസ്റ്റ് ക്രമത്തിൽ അവസരം ലഭിക്കുകയും ചെയ്യും.

സംസ്ഥാനതല ഒന്നാം ഘട്ട സാങ്കേതിക പരിശീലന ക്ലാസുകൾ സെപ്റ്റംബർ ഒന്നിന് സ്‌പോർട്‌സ്, ന്യൂനപക്ഷക്ഷേമ ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ താനൂരിൽ നിർവ്വഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ 14 ജില്ലകളിലും ഹജ്ജ് ട്രൈനർമാരുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ നടക്കും. ഹജ്ജിന്റെ സാങ്കേതിക നിർദ്ദേശങ്ങൾ, ആരോഗ്യ മുൻകരുതലുകൾ, യാത്രാ സംവിധാനം തുടങ്ങി തീർത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഉൾപ്പെടുത്തിയാണ് ക്ലാസ്സുകൾ സംഘടിപ്പിക്കുന്നത്.

വിശദ വിവരങ്ങൾക്ക് ഹജ്ജ് കമ്മിറ്റി ഓഫീസുമായോ, ഹജ്ജ് കമ്മിറ്റിയുടെ ട്രൈനിംഗ് ഓർഗനൈസർമാരുമായോ ബനധപ്പെടുക. ഫോൺ: 0483-2710717, 2717572, 8281211786.