Fincat

ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള 16 വയസുകാരിയെ പീഡിപ്പിച്ചു,5 വർഷത്തിന് ശേഷം 41 കാരൻ അറസ്റ്റിൽ


അഞ്ചു വര്‍ഷമായി ഒളിവില്‍ കഴിഞ്ഞ് വരികയായിരുന്ന പോക്‌സോ കേസ് പ്രതിയെ ചെന്നൈയില്‍നിന്ന് പിടികൂടി. ചെന്നൈ കോടമ്പാക്കം ഭരതീശ്വര്‍ കോളനി സ്വദേശിയായ 41 കാരനാണ് അറസ്റ്റിലായത്. 2019ല്‍ അവിട്ടത്തൂര്‍ വാടക വീട്ടില്‍ വെച്ച് ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള 16 വയസുള്ള പെണ്‍കുട്ടിയെ പലതവണ ലൈംഗികമായി ഉപദ്രവിച്ചതിന് ആളൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ്. കേസില്‍ അന്ന് ഇയാള്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് കോവിഡ് സമയത്ത് കൊറോണ വ്യപനം നിയന്ത്രിക്കുന്നതിനായി ഇയാളെ കോടതി ജാമ്യത്തില്‍ വിട്ടയച്ചൂ. ഇതോടെ ഇയാള്‍ ഒളിവില്‍ പോയി.

കേസിന്റെ വിചാരണ വേളകളില്‍ ഹാജരാകാത്തതിനാല്‍ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ഈ കേസില്‍ സമഗ്രമായ അന്വേഷണം നടത്തിയിട്ടും പ്രതിയെ കുറിച്ച് സൂചനകള്‍ ലഭിക്കാത്തതിനാല്‍ ഇയാളെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണ കുമാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. ജാമ്യം ലഭിച്ച സമയം കോടതിയില്‍ കൊടുത്ത വിലാസത്തില്‍ താമസിക്കാതെ പല സ്ഥലങ്ങളിലായി വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ഇയാള്‍. പ്രത്യേക അന്വേഷണ സംഘം നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തില്‍ പ്രതിയെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതനുസരിച്ച് അന്വേഷണ സംഘം ചെന്നൈയില്‍ എത്തി.

മൂന്ന് ദിവസം അവിടെ താമസിച്ച് നടത്തിയ അന്വേഷണത്തില്‍ ചെന്നൈയില്‍നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള സെമെഞ്ചേരി എന്ന സ്ഥലത്ത് തമിഴ്‌നാട് ഗവണ്‍മെന്റ് സുനാമി പുനരധിവാസത്തിനായി പണി കഴിപ്പിച്ച മൂന്ന് നിലകളിലായി ഒരേ രൂപത്തിലുള്ള 5000 വീടുകള്‍ക്കിടയിലുള്ള ഒരു വീട്ടിലെ ഒരു മുറിയില്‍ വാടകയ്ക്കു താമസിച്ച് വരവെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.